കോഴിക്കോട്: താമരശ്ശേരിയിലെ അറവുമാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ്‌കട്ടിനെതിരായ സമരവുമായി ബന്ധപ്പെട്ട് നടന്ന ആക്രമണ കേസിൽ 74 പേരെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. സമര സമിതി നേതാക്കളെ തേടി രാത്രിയും പോലീസ് വീടുകളിൽ പരിശോധന നടത്തി. ആക്രമണത്തിന് ഗൂഢാലോചന നടത്തിയവരെ പിടികൂടുമെന്ന് ഡിഐജി യതീഷ് ചന്ദ്ര വ്യക്തമാക്കി.(DIG in Thamarassery Fresh Cut attack, indications that the accused have gone abroad)
അന്വേഷണം ഊർജ്ജിതമാക്കി
ആകെ 351 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. വധശ്രമം, എക്സ്പ്ലോസീവ് സബ്സ്റ്റൻസസ് ആക്ട്, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ഇതുവരെ എട്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അറസ്റ്റിലായവർ: സമര സമിതി ഭാരവാഹിയും ആം ആദ്മി പാർട്ടി പ്രവർത്തകനുമായ ചുണ്ടാക്കുന്നു ബാവൻകുട്ടി, കൂടത്തായി സ്വദേശി റഷീദ് എന്നിവരാണ് നിലവിൽ അറസ്റ്റിലായ രണ്ട് പേർ.
ഒന്നാം പ്രതി ഒളിവില്‍: ഒന്നാം പ്രതിയായ ഡിവൈഎഫ്ഐ നേതാവ് മെഹറൂഫ് അടക്കം മറ്റു പ്രതികൾ ആരും ഇതുവരെ പിടിയിലായിട്ടില്ല. പലരും ഒളിവിലാണ്, ചിലർ രാജ്യം വിട്ടതായും വിവരമുണ്ട്.
തുടരന്വേഷണം: സമര സമിതി നേതാക്കളെ തേടി ഇന്നലെ രാത്രിയും പോലീസ് വീടുകളിൽ പരിശോധന നടത്തി.
രാഷ്ട്രീയ ആരോപണങ്ങൾ
ആക്രമണത്തിന്റെ ഉത്തരവാദിത്വത്തെ ചൊല്ലി സിപിഎമ്മും എസ്ഡിപിഐയും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു.
സിപിഎം നിലപാട്: താമരശ്ശേരി ഫ്രഷ്‌കട്ട് സമരസമിതിക്ക് നേതൃത്വം നൽകിയതും കലാപമുണ്ടാക്കിയതും എസ്ഡിപിഐ ആണെന്ന നിലപാടിലാണ് സിപിഎം. ചൊവ്വാഴ്ച നടന്ന സംഘർഷത്തിൽ ജില്ലയ്ക്ക് പുറത്തുനിന്നെത്തിയ എസ്ഡിപിഐ അക്രമികൾ നുഴഞ്ഞുകയറുകയും കലാപം അഴിച്ചുവിടുകയും ചെയ്തുവെന്ന് ഇന്നലെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രതികരിച്ചിരുന്നു. സമരത്തിന് രാഷ്ടീയ മുഖമില്ലെങ്കിലും നേതൃത്വം നൽകുന്നത് എസ്ഡിപിഐ ആണെന്നും എസ്ഡിപിഐ നടത്തിയ ക്രിമിനൽ ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ജില്ലാ സെക്രട്ടറി എം. മെഹബൂബ് ആവശ്യപ്പെട്ടു. സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ഒന്നാം പ്രതിയായ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് യാഥാർത്ഥത്തിൽ സംഘർഷം പരിഹരിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്ഡിപിഐ പ്രതികരണം: ഡിവൈഎഫ്ഐ പ്രവർത്തകരാണ് അക്രമം ഉണ്ടാക്കിയതെന്നായിരുന്നു എസ്ഡിപിഐയുടെ പ്രതികരണം.
സമരസമിതി: പൊലീസാണ് തുടക്കത്തിൽ അക്രമം അഴിച്ചുവിട്ടതെന്നായിരുന്നു സമരസമിതി ചെയർമാൻ ബാബു കുടുക്കിലിന്റെ പ്രതികരണം. എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും പിന്തുണ തങ്ങൾക്കുണ്ടെന്നും തീയിട്ട് നശിപ്പിച്ചതിനും അക്രമത്തിനും ഉത്തരവാദിത്വം തങ്ങൾക്കല്ലെന്നും അതിനു പിന്നിൽ പ്രവർത്തിച്ച സാമൂഹ്യവിരുദ്ധർ ആരാണെന്ന് കണ്ടെത്തണമെന്നും ബാബു പറഞ്ഞു. ഫാക്ടറിക്കെതിരായ പ്രതിഷേധം ശക്തമായി തുടരുമെന്നും സമരസമിതി അറിയിച്ചു.