
മലയാളിയുടെ വീട്ടുമുറ്റത്തേക്ക് ഓണമെത്തിക്കഴിഞ്ഞാൽ അടുക്കളയിൽ നിന്നും ഉയരുന്ന പുളിയിഞ്ചിയുടേയും ഓലന്റെയും മണം ഏതൊരു മലയാളിയുടേയും മനസ്സിൽ ഗൃഹാതുരതയുണർത്തും. തെക്കൻ കേരളത്തിൽ ഓണ സദ്യക്ക് മത്സ്യം പ്രധാനപ്പെട്ട ഒരു വിഭവമല്ല. എന്നാൽ വടക്കൻ കേരളത്തിൽ മത്സ്യ മാംസാദികൾ ഒഴിവാക്കിയ ഓണസദ്യ ഇല്ല. കാസർഗോഡ്, കണ്ണൂർ , കോഴിക്കോട് ജില്ലക്കാർ പ്രത്യേകിച്ചും. തിരുവോണ ദിവസം എന്തായാലും അവരുടെ ഇലയിൽ ചിക്കനോ, മത്സ്യമോ കാണും.
കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ തുങ്ങിയ ജില്ലകളിൽ ഉത്രാടദിവസം തന്നെ സദ്യ തുടങ്ങും. എന്നാൽ ചില സ്ഥലങ്ങളിൽ ആ ദിവസത്തെ സദ്യക്ക് പപ്പടം വിളമ്പില്ലെന്നതും പ്രത്യേകതയാണ്. പപ്പടത്തിന്റെ പ്രാധാന്യം വരുന്നത് തിരുവോണം മുതലാണ്.
കോഴിക്കാട്ടുകാർക്ക് പ്രധാനം കാളൻ
കോഴിക്കോട്ടുകാർക്ക് കാളൻ ഒഴിവാക്കി ഒരു ഓണസദ്യ ഇല്ല. ഇവർക്കാകട്ടെ രണ്ട് തരത്തിലുള്ള കാളനാണുള്ളത് കുറുക്കു കാളനും കാളൻ കറിയും.
പ്രാതൽ ഇല്ലാത്ത തെക്കൻ കേരളം
തെക്കൻ കേരളത്തിലെ ചില ജില്ലക്കാർ ഇപ്പോഴും തിരുവോണ ദിവസം പ്രാതൽ കഴിക്കാറില്ല. 11 മണിയോടെ ഓണസദ്യ കഴിക്കും. വർഷങ്ങളായി പിന്തുടർന്നുപോരുന്ന കീഴ്വഴക്കമാണിത്.