ഇഡി നോട്ടീസ്‌ കിട്ടിയാൽ മുട്ടുവിറയ്‌ക്കുമെന്നാണോ കരുതിയോ ; വികസനം തടയാമെന്ന്‌ ആരും കരുതേണ്ടെന്ന് പിണറായി വിജയൻ | Pinarayi Vijayan

നോട്ടീസ്‌ അയച്ചവർ തൽക്കാലം അതിന്റേതായ മനഃസംതൃപ്‌തിയിൽ നിൽക്കുകയെന്നുമാത്രമേയുള്ളൂ.
pinarayi vijayan
Updated on

കണ്ണൂർ : നാടിന്റെ വികസനത്തിന്‌ ഭൂമി ഏറ്റെടുത്തതിന്‌ ഇഡി നോട്ടീസ്‌ കിട്ടിയാൽ മുട്ടുവിറയ്‌ക്കുമെന്നാണോ കരുതിയതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ആർബിഐ നിഷ്കർഷിക്കുന്ന വ്യവസ്ഥയിൽ അണുവിട വ്യത്യാസമില്ലാതെയാണ് കാര്യങ്ങൾ ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് കണ്ണൂർ കോർപറേഷൻ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ടീസ്‌ അയച്ചവർ തൽക്കാലം അതിന്റേതായ മനഃസംതൃപ്‌തിയിൽ നിൽക്കുകയെന്നുമാത്രമേയുള്ളൂ. തങ്ങളെ അശേഷം ബാധിക്കുന്ന കാര്യമല്ല അതൊന്നും. നാടിന്റെ വികസനത്തിന്‌ തടയിടാമെന്ന്‌ കരുതേണ്ട. വികസനം കൂടുതൽ ശക്തമായിത്തന്നെ മുന്നോട്ടുകൊണ്ടുപോകും.കിഫ്ബിയിലൂടെ 1.5 ലക്ഷം കോടി രൂപയുടെ വികസനം നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് രുചിക്കാത്ത ഹീന മനസുകളുണ്ട്. വായ്പയെടുത്ത് ഭൂമിക്കച്ചവടം നടത്തി എന്ന് കാണിച്ചാണ് ഇപ്പോൾ നോട്ടിസ് വന്നിരിക്കുന്നത്. ഏറ്റെടുത്ത ഭൂമി ഏതാവശ്യത്തിനാണോ അതിനുമാത്രമേ ഉപയോഗിക്കാൻ കഴിയൂ. അതിൽ റിസർവ്‌ ബാങ്ക്‌ വ്യവസ്ഥയാണ്‌ അംഗീകരിക്കേണ്ടത്‌. ആ മാനദണ്ഡത്തിൽ അണുകിട വ്യതിയാനം കിഫ്‌ബി വരുത്തിയിട്ടില്ല.

രാജ്യത്തെതന്നെ ഏറ്റവും വലിയ പദ്ധതിയായ വിഴിഞ്ഞം തുറമുഖം നമ്മളാണ്‌ പൂർത്തിയാക്കിയത്‌. ഇത്‌ യാഥാർഥ്യമാക്കാൻ 5,600 കോടിയാണ്‌ സംസ്ഥാനം ചെലവഴിച്ചത്‌. അതിന്റെ ഭാഗമായുള്ള റിങ്‌ റോഡിൽ തുറമുഖവുമായി ബന്ധപ്പെട്ട വൻകിട പദ്ധതികൾ വരും. അങ്ങനെ വൻകിട തുറമുഖനഗരമായി വിഴിഞ്ഞം മാറുകയാണ്‌.

ജനങ്ങളിലുണ്ടായിരുന്ന നിരാശ എൽഡിഎഫ് സർക്കാർ വന്നതോടെ മാറി. ജനങ്ങളെ സർക്കാർ വിശ്വാസത്തിലെടുത്തു. ഓരോ വർഷവും എന്തെല്ലാം ചെയ്തുവെന്ന് പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചു. 600 ൽ 580 വാഗ്ദാനവും പൂർത്തിയാക്കി 2021ൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഒരു നാടിനും നേരിടേണ്ടി വന്നിട്ടില്ലാത്ത ദുരന്തം നേരിടേണ്ടി വന്നു. പ്രളയത്തിന് ശേഷം നാടെങ്ങനെ രക്ഷപ്പെടും എന്ന് ചിന്തിച്ചു.

രാജ്യത്തെ ജനങ്ങളിൽ 33 ശതമാനംപേർക്കും 100 രൂപയിൽ താഴെയാണ്‌ വരുമാനം. 81 ശതമാനംപേരും നിത്യവരുമാനമില്ലാത്തവരാണ്‌. 37 ശതമാനം നിരക്ഷരരാണ്‌. 25 ശതമാനത്തിന്‌ പോഷകാഹാരക്കുറവുണ്ട്‌. ആ രാജ്യത്താണ്‌ നമ്മുടെ സംസ്ഥാനം അതിദാരിദ്ര്യമുക്തി നേടിയത്‌. ഇതൊന്നും സ്വാഭാവികമായി ഉണ്ടായതല്ല. ജനങ്ങളെ ശാക്തീകരിച്ച്‌ എൽഡിഎഫ്‌ സർക്കാർ ഉണ്ടാക്കിയതാണ്‌. പാവങ്ങൾക്ക്‌ കൊടുക്കേണ്ട ചില്ലിക്കാശുപോലും പിടിച്ചുവയ്‌ക്കുന്ന അനുഭവമാണ്‌ യുഡിഎഫ്‌ കാലത്തുണ്ടായത്‌. കഴിഞ്ഞ തവണ തുടർഭരണമുണ്ടായിരുന്നില്ലെങ്കിൽ ക്ഷേമപെൻഷൻ വർധന കടലാസിൽ ഒതുങ്ങുമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com