പാലക്കാട്: ലൈംഗിക പീഡന കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. പാലക്കാട് നിന്ന് രക്ഷപ്പെട്ടത് സിനിമാ താരത്തിന്റെ കാറിലാണെന്ന് പോലീസിന് സംശയം. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാഹുൽ പാലക്കാട് നിന്ന് കടന്നുകളഞ്ഞത് ചുവന്ന പോളോ കാറിലാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ കാർ ഒരു സിനിമ താരത്തിന്റേതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.(Did Rahul Mamkootathil MLA travel in the car of a movie star?)
രാഹുലിന്റെ പരിപാടിയിൽ പങ്കെടുക്കാൻ ഒരു സിനിമാതാരം പാലക്കാട് എത്തിയിരുന്നു. അവരുടെ കാറിലാണ് രാഹുൽ മുങ്ങിയതെന്നാണ് പോലീസിന് ലഭിച്ച സൂചന. രാഹുലിന്റെ സ്റ്റാഫിനെയും ഡ്രൈവറെയും ചോദ്യം ചെയ്‌തെങ്കിലും ആരുടെ കാറാണെന്ന് വെളിപ്പെടുത്താൻ ഇവർ തയ്യാറായില്ല. എന്നാൽ, ഇവരിൽ നിന്ന് ചില നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഈ കാർ കേന്ദ്രീകരിച്ചും, രാഹുലുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കളെക്കുറിച്ചും അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കേസിൽ രണ്ടാം ദിവസവും അന്വേഷണ സംഘം പാലക്കാട് തുടരുകയാണ്. ഇന്നലെ ഫ്ലാറ്റിലടക്കം പരിശോധന നടത്തിയ പോലീസ് ഇന്ന് പാലക്കാട് നഗരത്തിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി. ദൃശ്യങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്.
രാഹുലിന്റെ റൂട്ട് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. സി.സി.ടി.വി.യുള്ള റോഡുകൾ പരമാവധി ഒഴിവാക്കി അതിവിദഗ്ധമായാണ് രാഹുൽ പാലക്കാട് വിട്ടത്. പോലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ കാർ മാത്രം പല വഴികൾക്ക് ഓടിച്ചുവെന്നും വിവരമുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ രാഹുലിന്റെ റൂട്ട് സംബന്ധിച്ച വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഇന്നും സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്.
രാഹുൽ മുങ്ങിയെന്ന് കരുതുന്ന കാർ കണ്ടെത്തിയതിലൂടെ രാഹുലിലേക്ക് വേഗത്തിൽ എത്താൻ കഴിയുമെന്നാണ് പോലീസിന്റെ നിഗമനം. ബലാത്സംഗ കേസിൽ രാഹുൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ചയാണ് കോടതി പരിഗണിക്കുക. ഇതിന് മുമ്പായി രാഹുലിനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനുപുറമെ ഓരോ ജില്ലകളിലും രാഹുലിനെ കണ്ടെത്താനായി ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
രാഹുലിനൊപ്പം കേസിലെ മറ്റൊരു പ്രതിയായ ജോബി ജോസഫിനായും അന്വേഷണം ഊർജിതമാണ്. പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ രാഹുലിന്റെ സുഹൃത്തുക്കളുടെ വീടുകളിൽ കഴിഞ്ഞ ദിവസം വ്യാപക പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരത്ത് വക്കാലത്ത് ഒപ്പിടാൻ രാഹുൽ എത്തിയെന്ന വാദം പോലീസ് തള്ളി. രാഹുൽ ഒളിവിലല്ലെന്ന് തോന്നിപ്പിക്കാനും പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുമുള്ള മനഃപൂർവമുള്ള നീക്കമായിരുന്നു ഇതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. സംസ്ഥാന വ്യാപകമായി നിരീക്ഷണം ശക്തമാക്കുകയും, ബെംഗളൂരുവിലും തമിഴ്നാട്ടിലുമടക്കം അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്താൽ രാഹുലിനെ പിടികൂടാനാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.