

കൊച്ചി: മലയാള സിനിമയിൽ ചിരിയുടെയും ചിന്തയുടെയും വസന്തകാലം തീർത്ത ശ്രീനിവാസൻ യാത്രയാകുമ്പോൾ, ആ കുടുംബത്തിന് അതൊരു നികത്താനാവാത്ത ആഘാതമായി. മകൻ ധ്യാൻ ശ്രീനിവാസന്റെ 37-ാം പിറന്നാൾ ദിനത്തിലാണ് (ഡിസംബർ 20) അച്ഛന്റെ മരണം സംഭവിക്കുന്നത്.കോഴിക്കോട്ടെ സിനിമാ ഷൂട്ടിംഗ് സെറ്റിലായിരുന്ന ധ്യാൻ, ജന്മദിനാഘോഷങ്ങൾക്കിടയിലാണ് അച്ഛന്റെ വിയോഗവാർത്ത അറിയുന്നത്. ഉടൻ തന്നെ കൊച്ചിയിലെത്തിയ ധ്യാൻ അച്ഛന്റെ മൃതദേഹത്തിന് അരികിലിരുന്ന് പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ കണ്ടുനിന്നവർക്കും നൊമ്പരമായി.
അഭിമുഖങ്ങളിലൂടെയും മറ്റും അച്ഛനെക്കുറിച്ചുള്ള രസകരമായ ഓർമ്മകൾ പങ്കുവെച്ച് മലയാളിക്ക് സുപരിചിതനാണ് ധ്യാൻ. ആ അച്ഛന്റെ വേർപാട് മകന്റെ ജന്മദിനത്തിൽ തന്നെ സംഭവിച്ചത് സിനിമാലോകവും വിങ്ങലോടെയാണ് കേട്ടത്.