
മലബാറിന്റെ തീരത്ത് ഒരു ചെറു ദ്വീപുണ്ട്, അറബിക്കടൽ തഴുകി ഉണർത്തുന്ന ധർമ്മടം തുരുത്ത് (Dharmadam Island). കടലിന്റെ മടിത്തട്ടിലെ പച്ച പൊട്ടുപോലെ വിഹരിക്കുന്ന തുരത്തിന് പറയുവാൻ കഥകൾ ഏറെയാണ്. കണ്ണൂരിൽ നിന്നും തലശ്ശേരിയിലേക്കുള്ള യാത്രക്കിയിടയിൽ ധർമ്മടം എന്ന് ചെറു ഗ്രാമത്തിൽ എത്തിച്ചേരും. അവിടെ സഞ്ചാരികൾക്കായി ഒരു പറുദീസയാണ് ഗ്രാമം ഒരുക്കിവച്ചിരിക്കുന്നത്.
ധർമ്മടം തുരുത്ത് എന്നും അറിയപ്പെടുന്ന ധർമ്മടം ദ്വീപ്, കണ്ണൂർ (Kannur) ജില്ലയിൽ തലശ്ശേരിക്കടുത്താണ് നാലുപാടും അറബിക്കടലാൽ ചുറ്റപ്പെട്ട ഈ ദ്വീപുള്ളത്. ധർമ്മടം ബീച്ചിൽ നിന്ന് വെറും 100 മീറ്റർ അകലെയാണ് ഈ കുഞ്ഞൻ ദ്വീപ് സ്ഥിതിചെയ്യുന്നത്. വെറും 5 ഏക്കർ വിസ്തൃതിയുള്ള ഈ ദ്വീപിനെ നാട്ടുകാർ 'പച്ചത്തുരുത്ത്'എന്നും വിശേഷിപ്പിക്കാറുണ്ട്. ദ്വീപിന്റെ പ്രധാന സവിശേഷത കടലിലൂടെ നടന്ന് ദ്വീപിൽ എത്തുവാൻ കഴിയും എന്നതാണ്. പക്ഷെ വേലിയേറ്റ-വേലിയിറക്ക സമയം അനുസരിച്ച് മാത്രമേ തുരുത്തിൽ നടന്ന് എത്തുവാൻ സാധിക്കു.
പ്രകൃതി സൗന്ദര്യത്തിനും ശാന്തമായ അന്തരീക്ഷത്തിനും പേരുകേട്ടതാണ് ധർമ്മടം ദ്വീപ്. സമൃദ്ധമായ പച്ചപ്പ്, തെങ്ങുകൾ, മറ്റ് ഉഷ്ണമേഖലാ സസ്യങ്ങൾ എന്നിവയാൽ മൂടപ്പെട്ടിരിക്കുന്നു ദ്വീപിൽ നീലക്കൊടുവേലി, ചേറ്, താന്നി, ആമകഴുത്ത്, പുല്ലാനി എന്നിങ്ങനെ അപൂർവ ഇനം സസ്യനങ്ങളുടെ കലവറ കൂടിയാണ്. ധർമ്മടം ദ്വീപും അതിൻ്റെ ചുറ്റുപാടുകളും വിവിധ ഇനം പക്ഷികളുടെയും സമുദ്രജീവികളുടെയും ആവാസ കേന്ദ്രമാണ്, ഇത് ദ്വീപിനെ പക്ഷി നിരീക്ഷണത്തിനും സമുദ്ര പര്യവേക്ഷണത്തിനുമുള്ള ഉചിതമായി ഇടമാക്കി മാറ്റുന്നു. ദ്വീപിന്റെ ചുറ്റളവിലൂടെ നടന്നാൽ അഞ്ചരക്കണ്ടി, തലശ്ശേരി നദികളുടെ സംഗമസ്ഥാനത്തിന്റെ മനോഹരമായ കാഴ്ചകൾ കാണുവാൻ സാധിക്കുന്നതാണ്.
കണ്ണൂർ ജില്ലയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ധർമ്മടം ദ്വീപ് മുൻപ് സ്വകാര്യ ഉടമസ്ഥതയിലായിരുന്നു. 1998 ൽ ദ്വീപിനെ കേരള സർക്കാർ ടൂറിസം പദ്ധതിയുടെ ഭാഗമാക്കുകയായിരുന്നു. ദ്വീപ് സ്വകാര്യ ഉടമസ്ഥതയിലുള്ളതു കൊണ്ട് തന്നെ മുൻകൂർ അനുമതിയോടെ മാത്രമേ പ്രവേശനം അനുവദിക്കൂ. ദ്വീപിലെ ശുദ്ധ ജല സാന്നിധ്യമുള്ള കിണർ ഇവിടുത്തെ മറ്റൊരു ആകർഷണമാണ്. കടലാൽ ചുറ്റപ്പെട്ട ദ്വീപിലെ കിണറിൽ എങ്ങനെയാണ് ശുദ്ധ ജലം സാന്നിധ്യം ഉണ്ടാവുക എന്നത് പ്രസക്തമായ ചോദ്യം തന്നെയാണ്. ഇന്ത്യയിലെ ഏക ഡ്രൈവ്-ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ച്, ധർമ്മടം ദ്വീപിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
ആദ്യകാലങ്ങളിൽ ധർമ്മപട്ടണം എന്ന് അറിയപ്പെട്ടിരുന്ന ദ്വീപ് പിൽകാലത്താണ് ലോപിച്ച് ധർമ്മടം എന്ന ആകുകയായിരുന്നു. ഒരു കാലത്ത് പ്രമുഖ ബുദ്ധമത ശക്തികേന്ദ്രമായിരുന്നു ദ്വീപ്പിൽ നിന്നും നിരവധി ബുദ്ധ പ്രതിമകളുടെ അവശിഷ്ടങ്ങൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുൻപ് ജൂതന്മാർ, അറബികൾ, പോർച്ചുഗീസുകാർ, ബ്രിട്ടീഷ് കുടിയേറ്റക്കാർ എന്നിവരുൾപ്പെടെ വിവിധ സാംസ്കാരിക തലത്തിലെ ജനത ഇവിടെ വസിച്ചിരുന്നു. ജൂതന്മാരും അറബികളും ഈ സ്ഥലത്തെ ദഹ്ഫത്തൻ എന്നും ബ്രിട്ടീഷുകാർ ഇതിനെ ധർമ്മപതം എന്നും പോർച്ചുഗീസുകാർ ഇതിനെ ദർമ്മപതാവോ എന്നും വിളിച്ചിരുന്നു.