പത്തനംതിട്ട: ശബരിമലയിൽ ഭക്തരുടെ തിരക്ക് കൂടിയതിനാൽ ചൊവ്വാഴ്ച സ്പോട്ട് ബുക്കിംഗ് 5000 പേർക്ക് മാത്രമായി നിജപെടുത്തി. വെർച്ചൽ ക്യൂ ബുക്കിംഗ് വഴി 70000 പേർക്ക് ദർശനം നടത്താൻ സൗകര്യം ഒരുക്കും.
തിരക്ക് വർധിച്ച സാഹചര്യത്തിലാണ് നടപടി.
ഓരോ ദിവസത്തെയും തിരക്കിന് അനുസരിച്ച് സ്പോട്ട് ബുക്കിംഗ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയിരുന്നു. ഇതോടെ ഓരോസമയത്തെയും ഭക്തജന തിരക്ക് ദേവസ്വം ബോർഡും പോലീസും ചേർന്ന് വിലയിരുത്തിയാണ് സ്പോട്ട് ബുക്കിംഗ് അനുവദിക്കുന്നത്.
അതേ സമയം, ഇന്നും ശബരിമലയില്‍ തീര്‍ഥാടന തിരക്കാണുണ്ടായിരുന്നത്. ഇതുവരെ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം 85,000 കടന്നു. 10000ത്തിനു മുകളിലാണ് ഇന്നത്തെ സ്പോട്ട് ബുക്കിംഗ്. തീര്‍ഥാടകരുടെ എണ്ണം കൂടിയെങ്കിലും തിരക്ക് നിയന്ത്രണവിധേയമാണ്.
സീസണ് തുടങ്ങി ഇതുവരെ ആകെ എത്തിയ ഭക്തരുടെ എണ്ണം 7.5 ലക്ഷം പിന്നിട്ടു. സന്നിധാനത്തെ ഓരോ ദിവസത്തെയും തിരക്കിനനുസരിച്ച് ആണ് സ്പോട്ട്ബുക്കിംഗ് അനുവദിക്കുന്നത്. ആദ്യ ദിനങ്ങളില്‍ ഇതര സംസ്ഥാനത്തു നിന്നുള്ള തീര്‍ത്ഥാടകരായിരുന്നു അധികമെങ്കില്‍ കേരളത്തില്‍ നിന്നുള്ള ഭക്തരുടെ എണ്ണവും വര്‍ധിച്ചു.