തിരുവനന്തപുരം: കഴിഞ്ഞ നാലര വർഷത്തിനിടെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 6000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞു. നെടുമങ്ങാട് കെ.വി.എസ്.എം. ഗവ. കോളേജിൽ പുതിയ ഹിസ്റ്ററി ബ്ലോക്കിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.(Development worth Rs 6000 crores implemented in the higher education sector, says Minister R Bindu)
കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റുന്നതിന് സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി. മികച്ച അക്കാദമിക് കോംപ്ലക്സുകൾ, സൗകര്യപ്രദമായ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകൾ, ആധുനിക സൗകര്യങ്ങളുള്ള ലാബുകൾ, ലൈബ്രറികൾ എന്നിവ വിവിധ സർവകലാശാലകളിലും കാമ്പസുകളിലും ഒരുക്കി.
കിഫ്ബി (KIIFB) പദ്ധതി വഴി 2000 കോടിയിലധികം രൂപയുടെയും റൂസ (RUSA) പദ്ധതിയിൽ 588 കോടി രൂപയുടെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. സമഗ്രവും സമൂലവുമായ മാറ്റത്തിനായി പുതിയ കരിക്കുലം അവതരിപ്പിച്ചു. പ്രാരംഭ ഘട്ടത്തിൽ തന്നെ തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള സ്‌കിൽ അന്തരം ഇല്ലാതാക്കാനും വിദ്യാർത്ഥികളിൽ സംരംഭകത്വ താല്പര്യം പ്രോത്സാഹിപ്പിക്കാനുമുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നു.
പഠനത്തിൽ മികവ് പുലർത്തുന്ന സാമ്പത്തികമായും സാമൂഹ്യമായും പിന്നിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കഴിഞ്ഞ മൂന്ന് വർഷമായി മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരം നൽകി വരുന്നു. നെടുമങ്ങാട് കോളേജിൽ ഉദ്ഘാടനം ചെയ്ത പുതിയ ഹിസ്റ്ററി ബ്ലോക്കിന്റെ നിർമ്മാണത്തിന് 2.67 കോടി രൂപ സർക്കാർ പദ്ധതി വിഹിതത്തിൽ നിന്നും 70 ലക്ഷം രൂപ റൂസ ഫണ്ടിൽ നിന്നും ചെലവഴിച്ചു.