
സംസ്ഥാന സർക്കാറിന്റെ ആഭിമുഖ്യത്തിൽ പ്രാദേശികതലത്തിൽ വികസന ആശയങ്ങൾ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉൾക്കൊള്ളുന്നതിനുമായി ‘വികസന സദസ്’ സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെയാണ് ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ വികസന സദസുകൾ നടക്കുക.
സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 20ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി നിർവഹിക്കും. തുടർന്ന് ജില്ല, ഗ്രാമ പഞ്ചായത്തുതലങ്ങളിൽ വിവിധ ദിവസങ്ങളിലായി പരിപാടികൾ നടത്തും.
ഗ്രാമപഞ്ചായത്തുകളിൽ 250 മുതൽ 350 പേർ വരെയും നഗരസഭ/കോർപ്പറേഷനുകളിൽ 750 മുതൽ 1000 പേർ വരെയും പങ്കാളികളാകും. മന്ത്രിമാർ, എംഎൽഎമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, മേയർമാർ, ജനപ്രതിനിധികൾ ഉൾപ്പെടെ വിവിധ മേഖലകളിലെ വിദഗ്ധരും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരും പങ്കാളികളാകും.
ഉദ്ഘാടന സമ്മേളനത്തോടെയാണ് വികസന സദസ് ആരംഭിക്കുക. അതോടൊപ്പം തദ്ദേശ സ്ഥാപനത്തിന്റെ വികസന നേട്ടങ്ങൾ ഉൾക്കൊള്ളുന്ന പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യും. അതിനുശേഷം, അതിദാരിദ്ര്യ നിർമാർജനം, ലൈഫ് മിഷൻ പദ്ധതികൾ, ഹരിതകർമ്മസേനാംഗങ്ങൾ തുടങ്ങിയ സർക്കാർ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളായവരെ ആദരിക്കും. തുടർന്ന്, സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിക്കുന്ന വീഡിയോ/പ്രസന്റേഷൻ അവതരിപ്പിക്കും. അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്ത നവകേരളം തുടങ്ങിയ പദ്ധതികളിലെ തദ്ദേശ സ്ഥാപനങ്ങളുടെ നേട്ടങ്ങൾ, നൂതന പ്രവർത്തനങ്ങൾ എന്നിവ സെക്രട്ടറിമാർ അവതരിപ്പിക്കും. പരിപാടിയുടെ അവസാന ഒരു മണിക്കൂർ പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി ഓപ്പൺ ഫോറം നടത്തും.
വികസന സദസ്സിനോടനുബന്ധിച്ച് അതത് തദ്ദേശ സ്ഥാപനങ്ങളുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന മിനി എക്‌സിബിഷനും കെ-സ്മാർട്ട് സേവനങ്ങൾ ലഭ്യമാക്കുന്ന ക്ലിനിക്കും സംഘടിപ്പിക്കും. വികസന സദസ്സിൽ ലഭിക്കുന്ന നിർദ്ദേശങ്ങളും വിവരങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കുന്ന പോർട്ടലിൽ അപ്‌ലോഡ് ചെയ്യും.
ജനങ്ങളുടെ അഭിപ്രായങ്ങൾ നേരിട്ടും ഓൺലൈനിലും സ്വീകരിച്ച് സർക്കാർ വികസന പദ്ധതികളിൽ ഉൾപ്പെടുത്തും. കൂടാതെ സേവനങ്ങളെ സംബന്ധിച്ച പ്രദർശനങ്ങളും എക്‌സിബിഷനുകളും സംഘടിപ്പിക്കും.