
മംഗലപുരം ഗ്രാമപഞ്ചായത്തിലെ 52 അതിദരിദ്ര കുടുംബങ്ങള്‍ക്കായി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം തയ്യാറാക്കി നടപ്പിലാക്കിയതോടെ പഞ്ചായത്തിനെ അതിദാരിദ്ര്യമുക്തമാക്കി മാറ്റാന്‍ കഴിഞ്ഞെന്ന് വി.ശശി എംഎൽഎ. മംഗലപുരം കമ്മ്യൂണിറ്റി ഹാളില്‍ നടന്ന വികസന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ മികച്ച വികസനം ഉറപ്പുവരുത്താന്‍ പഞ്ചായത്തിന് സാധിച്ചു. ഭൂരഹിത, ഭവന രഹിത ലിസ്റ്റില്‍ ഉള്‍പ്പെട്ട കുടുംബത്തിന് ഭവന നിര്‍മ്മാണത്തിന് ആദ്യ ഗഡു വിതരണം ചെയ്തു. ജില്ലയിലെ മികച്ച ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററായി തെരെഞ്ഞെടുക്കപ്പെട്ട സ്‌നേഹതീരം ബഡ്സ് സ്‌കൂളിന് കുടുംബശ്രി ജില്ലാ മിഷന്‍ നല്‍കിയ അവാര്‍ഡ് തുക എം.എല്‍.എ ചടങ്ങില്‍ കൈമാറി.
ഉദ്ഘാടന ശേഷം നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ ജനങ്ങള്‍ മൂന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളില്‍ ചര്‍ച്ച നടന്നു. ചടങ്ങില്‍ മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വനജ കുമാരി, മംഗലപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.