

ഇടുക്കി : ജില്ലയില്‍ നടന്നു വരുന്ന കെട്ടിടങ്ങളുടെയും റോഡുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. റോഡുകളുടെ അടക്കമുളള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാനുളള നടപടികള്‍ സ്വീകരിക്കണം. പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കളക്ടര്‍ മുഖാന്തരം സര്‍ക്കാരിന് ലഭ്യമാക്കണമെന്നും വകുപ്പ് മേധാവികളോട് മന്ത്രി നിര്‍ദേശിച്ചു.
സുരക്ഷാ ഓഡിറ്റിന്റെ ഭാഗമായി ജില്ലയിലെ അണ്‍ഫിറ്റ് ആയ എല്ലാ സ്‌കൂള്‍ കെട്ടിടങ്ങളുടേയും വാല്യുവേഷന്‍ പൂര്‍ത്തിയാക്കി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് നിര്‍ദേശിച്ചു. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കളക്ടര്‍ പറഞ്ഞു.
പ്രാഥമിക പരിശോധനയില്‍ 43 സ്‌കൂള്‍ അനുബന്ധ കെട്ടിടങ്ങളാണ് അണ്ഫിറ്റാണ് എന്ന് അറിയിച്ചിരുന്നത്. വിശദ പരിശോധനയില്‍ 24 കെട്ടിടങ്ങള്‍ മാത്രമേ അണ്‍ഫിറ്റായിട്ടുള്ളു എന്നും മറ്റുള്ളവ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാന്‍ കഴിയുന്നതാണ് എന്നും കണ്ടെത്തിയിരുന്നു. അണ്‍ഫിറ്റായ കെട്ടിടങ്ങളില്‍ 8 എണ്ണം എല്‍.പി/യു.പി സ്‌കൂളുകളിലെ കെട്ടിടങ്ങളാണ്. അറ്റകുറ്റപ്പണികള്‍ നടത്തി ഉപയോഗയോഗ്യമാക്കേണ്ട സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് എന്‍ജിനീയറിങ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
ഇടമലക്കുടിയിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത 58 വീടുകളുടെ ബലക്ഷമത സംബന്ധിച്ചുള്ള പരിശോധന ജനുവരി ആദ്യ ആഴ്ച പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ജനുവരി അഞ്ചിനകം സമര്‍പ്പിക്കാന്‍ മൂന്നാര്‍ ഡി. എഫ്.ഒയോട് കളക്ടര്‍ നിര്‍ദേശിച്ചു. പട്ടികവര്‍ഗ വികസന വകുപ്പും സംയുക്തമായാണ് പരിശോധന നടത്തേണ്ടത്.
ഇടമലക്കുടിയില്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള 3 കി.മീ റോഡ് അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് എ.രാജ എം.എല്‍.എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിര്‍ദേശം കരാറുകാരന് നല്‍കിയിട്ടുണ്ടെന്നും പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും പൊതുമരാമത്ത് (നിരത്തുകള്‍) വിഭാഗം എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.
ഓഫ് റോഡ് ജീപ്പ് സഫാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലയിലെ ടൂറിസം പ്രവര്‍ത്തനങ്ങളെ മുഴുവന്‍ ഉള്‍പ്പെടുത്തിയുള്ള ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കുന്നുണ്ടെന്നും ഇത് നിലവില്‍ വന്നാല്‍ സാഹസിക ടൂറിസം തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവില്‍ വരുമെന്ന് കളക്ടര്‍ അറിയിച്ചു.
ജില്ലയില്‍ ഇതുവരെ നിപ്പ വൈറസിന്റെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വവ്വാലുകള്‍ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങള്‍ വണ്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസറുടെ കീഴില്‍ നിലവില്‍ മാപ്പ് ചെയ്തിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രസ്തുത വിവരങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, വനം വകുപ്പ്, എന്നിവരെ അറിയിച്ചിട്ടുണ്ട്. നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോറസ്റ്റ് ചെക്ക്‌പോസ്റ്റുകള്‍, ടൂറിസ്റ്റുകള്‍ കൂടുതലായി വരുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നിപ്പ ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കും.
വന്യമൃഗ ശല്യം ഉള്ള സ്ഥലങ്ങളില്‍ ഔഷധ സസ്യങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നത് അഭികാമ്യമായിരിക്കുമെന്നും ഇതില്‍ വരുമാന വര്‍ദ്ധനവ് ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, വനം വകുപ്പ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐഎസ്എം) കെ.എഫ്.ആര്‍. ഐ മുതലായവരെയും മറ്റ് സമാന ഏജന്‍സികളെയും വിദഗ്ധരെയും ഉള്‍പ്പെടുത്തി ജനുവരി ആദ്യവാരം യോഗം ചേരും.
സ്ഥലം ലഭ്യമല്ലാത്ത വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 61 അംഗനവാടികള്‍ക്ക് സ്ഥലം ലഭ്യമാക്കുന്ന വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക യോഗം ജനുവരി എട്ടിന് ചേരാനും തീരുമാനിച്ചു.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി.ജേക്കബ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. ജ്യോതിമോള്‍, വിവിധ വകുപ്പ് ധേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ചിത്രം: ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം. മന്ത്രി റോഷി അഗസ്റ്റിന്‍, എ.രാജ എം.എല്‍.എ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. ജ്യോതിമോള്‍ എന്നിവരെയും കാണാം