തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിൽ വർഷങ്ങളായി പിന്തുടരുന്ന ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, പൂജകൾ എന്നിവയിൽ മാറ്റം വരുത്താൻ ഭരണസമിതിക്ക് അധികാരമുണ്ടെന്ന് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ സുപ്രീംകോടതിയെ അറിയിച്ചു. ക്ഷേത്രത്തിൽ നിലനിന്നിരുന്ന നിരവധി ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മുൻ തന്ത്രി മാറ്റം വരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. അഡ്മിനിസ്‌ട്രേറ്റർ ഒ.ബി. അരുൺകുമാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.(Devaswom Governing Body in Supreme Court about the power to change Guruvayur temple customs)
ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചികമാസ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജിയിലാണ് ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റർ സത്യവാങ്മൂലം സമർപ്പിച്ചത്.
ഈ പൂജ മാറ്റിയതിനെതിരെ പുഴക്കര ചേന്നാസ് മനയിലെ ചില അംഗങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, പുഴക്കര ചേന്നാസ് മനയിലെ കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കമാണ് ഈ ഹർജിക്ക് പിന്നിലെന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റർ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പറയുന്നു.