തിരുവനന്തപുരം: ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ അനിയന്ത്രിതമായ തിരക്ക് ഇനി ആവർത്തിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ ഉറപ്പുനൽകി. സന്നിധാനത്ത് ദർശനം നടത്താൻ കഴിയാതെ മാല ഊരി മടങ്ങിയ ഭക്തരോട് അദ്ദേഹം പരസ്യമായി മാപ്പ് ചോദിക്കുകയും ചെയ്തു.(Devaswom Board President apologizes to those who were unable to visit Sabarimala due to crowding)
ബുദ്ധിമുട്ട് ഉണ്ടായെന്നത് സത്യമാണ്. തിരക്ക് നിയന്ത്രിക്കുന്നതിനായുള്ള ഏകോപനത്തിൽ ചെറിയ പ്രശ്നം ഉണ്ടാകുകയായിരുന്നു. ആദ്യ ദിനം ഇത്രയും തിരക്ക് ആരും പ്രതീക്ഷിച്ചിരുന്നില്ല. പൊതുനന്മ കരുതി ചില നിയന്ത്രണങ്ങൾ കർശനമാക്കിയേ പറ്റൂ. പമ്പയിലും നിലയ്ക്കലും നിയന്ത്രണം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ബുക്ക് ചെയ്ത ദിവസങ്ങളിൽ മാത്രം ഭക്തർ ശബരിമലയിലേക്ക് വരണം. ഇതിനായി എല്ലാ ഭാഷകളിലും പരസ്യം നൽകും. മുൻ ബോർഡിന് വീഴ്ച പറ്റിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, ചില തീരുമാനങ്ങൾ പ്രായോഗിക തലത്തിൽ വന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമലയിൽ ഇന്നലെ ഉണ്ടായ അനിയന്ത്രിതമായ തിരക്കിൽ ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി ശക്തമായ വിമർശനം ഉന്നയിച്ചു. "എന്തുകൊണ്ട് ഏകോപനം ഉണ്ടായില്ല? ഒരു ദുരന്തം വരുത്തിവയ്ക്കരുത്," എന്നും കോടതി ദേവസ്വം ബോർഡിനോട് ചോദിച്ചു.
സന്നിധാനത്ത് ഇന്നലെ ഏകോപനം ഉണ്ടായില്ലെന്ന് വ്യക്തമാക്കിയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഹൈക്കോടതി വിമർശിച്ചത്.തിരക്ക് നിയന്ത്രിക്കുന്നതിൽ വരുത്തിയ വീഴ്ചക്കെതിരെ വലിയ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ വിശദീകരണവും ക്ഷമാപണവും.