തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. വിലപിടിപ്പുള്ള വസ്തുക്കൾ അന്യാധീനപ്പെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുൻ തിരുവാഭരണം കമ്മീഷണർ 2019-ൽ നൽകിയ മുന്നറിയിപ്പ് ദേവസ്വം ബോർഡ് അവഗണിച്ചതായി കണ്ടെത്തി.(Devaswom Board ignored 2019 warning on Sabarimala gold theft; letter out)
മുൻ തിരുവാഭരണം കമ്മീഷണർ ആർ.ജി. രാധാകൃഷ്ണൻ 2019 സെപ്റ്റംബർ രണ്ടിന് അന്നത്തെ ബോർഡ് പ്രസിഡന്റ് പത്മകുമാറിന് നൽകിയ കത്താണ് ഇപ്പോൾ പുറത്തുവന്നത്. 'സ്മാർട്ട് ക്രിയേഷൻസ്' എന്ന സ്ഥാപനത്തിലെ പരിശോധനയ്ക്ക് പിന്നാലെയായിരുന്നു ഈ കത്ത്.
കത്തിൽ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ സ്വത്ത് സംരക്ഷണത്തിൽ നിലനിൽക്കുന്ന ഗുരുതരമായ വീഴ്ചകൾ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടിയിരുന്നു. ദേവസ്വം മാന്വൽ പ്രകാരമുള്ള സ്വത്ത് സംരക്ഷണ നിയമങ്ങൾ ഒന്നും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ വർഷങ്ങളായി പാലിക്കപ്പെടുന്നില്ല.
തിരുവാഭരണം, മണി, ചന്ദനം, പട്ട്, മറ്റ് ആഭരണങ്ങൾ എന്നിങ്ങനെയുള്ള വിലപിടിപ്പുള്ള ഉരുപ്പടികളുടെ രേഖകൾ കൃത്യമായി സൂക്ഷിക്കപ്പെടുന്നില്ല. വിലപിടിപ്പുള്ള ഉരുപ്പടികൾ സൂക്ഷിക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ശ്രദ്ധക്കുറവുണ്ട്. സ്വത്തുക്കളും ആഭരണങ്ങളും കൃത്യമായി പരിപാലിക്കപ്പെടാത്ത സാഹചര്യത്തിൽ കൈമോശം വരാൻ സാധ്യതയുണ്ട് എന്ന് കത്തിൽ മുന്നറിയിപ്പ് നൽകുന്നു.
അമൂല്യമായതും പൗരാണിക പ്രാധാന്യമുള്ളതുമായ ആഭരണങ്ങൾ, പാത്രങ്ങൾ, വിഗ്രഹങ്ങൾ എന്നിവയുടെ സംരക്ഷണത്തിനായി ക്ഷേത്രങ്ങളിൽ സുരക്ഷിത മുറികൾ വേണം. ഉരുപ്പടികളുടെ ഇൻവെന്ററി കാലാകാലങ്ങളിൽ പരിഷ്കരിച്ച് ബോർഡിൻ്റെ അംഗീകാരത്തിനായി സമർപ്പിക്കണം. ഉരുപ്പടികൾ ദുരുപയോഗം ചെയ്യാതിരിക്കാൻ നിയമപരമായും ഭരണപരമായും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഈ വിഷയങ്ങൾ ശ്രദ്ധിക്കുന്നതിനായി ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കണം എന്നിങ്ങനെ ഇതിൽ ആവശ്യങ്ങൾ ഉണ്ടായിരുന്നു.
ഈ സുപ്രധാന കത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് തുടർനടപടികളൊന്നും എടുത്തില്ല എന്നാണ് വിവരം. സ്വത്തുക്കൾ സംരക്ഷിക്കാൻ നടപടി ആവശ്യപ്പെട്ട് നൽകിയ കത്ത് ദുരൂഹമായി മുങ്ങുകയായിരുന്നു. കത്ത് അവഗണിച്ച നടപടി ശബരിമല സ്വർണക്കൊള്ളയ്ക്ക് വഴിയൊരുക്കിയോ എന്ന സംശയം ശക്തമാക്കുന്നതാണ് പുറത്തുവന്ന പുതിയ വിവരങ്ങൾ.