മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ ഇ ഡിക്ക് പരാതി. സിപിഐഎം മലപ്പുറം നെടുവ ലോക്കല്‍ കമ്മിറ്റി അംഗം എ പി മുജീബാണ് പരാതി നല്‍കിയത്. പ്രത്യക്ഷത്തില്‍ ജോലിയോ പരമ്പരാഗത സ്വത്തോ ഇല്ലാത്ത ഫിറോസ് ഇന്ന് ലക്ഷപ്രഭുവാണെന്നും സ്വത്ത് സമ്പാദനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇ മെയില്‍ ആയും പോസ്റ്റല്‍ ആയും പരാതി നല്‍കിയിട്ടുണ്ട്.
ഒറ്റക്കും കൂട്ടായും പല കച്ചവട സംരംഭങ്ങളിലും ഫിറോസ് പങ്കാളികളാണ്. കോഴിക്കോട് ഫിറോസിന്റേതായി ബ്ലൂഫിന്‍ ട്രാവല്‍, ബ്ലൂഫിന്‍ വില്ലാ പ്രൊജക്ട് എന്നിങ്ങനെ രണ്ട് സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കായി നടത്തുന്ന പിരിവുകളില്‍ ഫിറോസ് വ്യാപക കൃത്രിമം നടത്തിയതായി യൂത്ത് ലീഗുകാര്‍ക്കിടയില്‍ തന്നെ ആക്ഷേപമുണ്ട്. ഇതിലൂടെ ലഭിച്ച പണമാണ് കച്ചവടത്തിന് മുടക്കിയതെന്നും ആരോപണമുണ്ട്.
ഒരു കോടിയോളം രൂപ ചെലവഴിച്ച് വീട് നിര്‍മിച്ചതിലും ദുരൂഹതയുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.പാലക്കാട് കൊപ്പത്ത് യമ്മി ഫ്രൈഡ് ചിക്കന്‍ എന്ന സ്ഥാപനത്തിന്റെ ഫ്രാഞ്ചസി ഫിറോസ് തുടങ്ങിയത് മുഹമ്മദ് അഷറഫ് എന്ന ബിനാമിയെവെച്ചാണെന്നും ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.