
ന്യൂനപക്ഷാവകാശങ്ങൾ എത്രമാത്രം സംരക്ഷിക്കപ്പെടുന്നു എന്നതാണ് ജനാധിപത്യത്തിന്റെ കാര്യക്ഷമതയുടെ അളവുകോൽ എന്ന് മന്ത്രി പി. രാജീവ്. കാക്കനാട് സിവിൽ സ്റ്റേഷ൯ പരേഡ് ഗ്രൗണ്ടിൽ 78 –ാമത് ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിയ ദേശീയ പതാക ഉയ൪ത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ന്യൂനപക്ഷങ്ങൾ ഭീതിയില്ലാതെ ജീവിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഇന്ത്യയിലായാലും ബംഗ്ലാദേശിലായാലും അമേരിക്കയിലായാലും ഇങ്ങനെ തന്നെ. ഇത് എല്ലാ ജനാധിപത്യ രാജ്യങ്ങളിലും പ്രസക്തമാണ് എന്നത് ഈ ഘട്ടത്തിൽ എടുത്തുപറയേണ്ടതാണ്. നമ്മുടെ ജനാധിപത്യവും മതേതരത്വവും ഫെഡറലിസവും പ്രധാനമാണ്. ഇന്ത്യയുടെ സൗന്ദര്യം വിവിധ സംസ്ഥാനങ്ങളുമായി ചേരുന്നതാണ്. അതുകൊണ്ടാണ് യൂണിയ൯ ഓഫ് ഇന്ത്യ എന്നു വിളിക്കുന്നത്. ഇന്ത്യയുടെ ആശയത്തിന് കരുത്ത് പകരുന്നത് ഓരോ സംസ്ഥാനങ്ങളുടെയും ആവേശഭരിതമായ ഇടപെടലുകളാണെന്ന് മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവ൯ ബലിയ൪പ്പിച്ച രാജ്യസ്നേഹികളുടെയും കേരളം അഭിമുഖീകരിച്ചതിൽ വെച്ചേറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ ജീവ൯ നഷ്ടമായ സഹോദരങ്ങളുടെയും ഓ൪മ്മകൾക്ക് ഓ൪മ്മകൾക്ക് മുന്നിൽ ശിരസ് നമിച്ചാണ് മന്ത്രി സ്വാതന്ത്ര്യദിന പ്രസംഗം തുടങ്ങിയത്.
നമ്മുടെ സ്വാതന്ത്ര്യം ദൈ൪ഘ്യമേറിയ ഒരു പോരാട്ടത്തിന്റെ ഉത്പന്നമാണ്. സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം എന്ന കവി വാക്യം ഉൾക്കൊണ്ടു തന്നെ വ്യത്യസ്തമായ ഭാഷ, മതം, ജാതി, രാഷ്ട്രീയം എന്നിവയുളളവ൪ ഒരേ കാഴ്ചപ്പാടോടെ വിവിധ തലങ്ങളിൽ നടത്തിയ പോരാട്ടങ്ങളാണ് നമ്മുടെ രാജ്യത്തെ സ്വതന്ത്രമാക്കിയത്. ആ സ്വതന്ത്ര്യം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സോഷ്യലിസത്തിന്റെയും ആമുഖത്താൽ അടയാളപ്പെടുത്തിയ ഭരണഘടനയുടെ രൂപീകരണത്തിലേക്ക് നയിച്ചു. സ്വാതന്ത്ര്യം ലഭിച്ചതോടെ ഇന്ത്യ എന്ന ആശയം ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകേണ്ട ഉത്തരവാദിത്തം നമ്മളുടേതായി.
ഏകമുഖമല്ല, ബഹുമുഖമാണ് ഇന്ത്യ എന്ന ആശയത്തിന്റെ മുഖം. അതിന്റെ സംഗീതം ഏകസ്വരമല്ല, ബഹുസ്വരമാണ്. അതിന്റെ സൗന്ദര്യം വൈവിധ്യമാണ്. നാനാത്വത്തിൽ ഏകത്വമാണ്. അതിന്റെ പല മാനങ്ങൾ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ഫെഡറലിസത്തിലും അടിസ്ഥാന തത്വങ്ങളിൽ വിളക്കിച്ചേ൪ത്തിരിക്കുന്നു. ഇവ ഓരോന്നും സംരക്ഷിക്കേണ്ടത് പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. രാഷ്ട്രീയ ജനാധിപത്യവും സാമൂഹ്യ ജനാധിപത്യവുമുണ്ട്. ഒരാൾക്ക് ഒരു വോട്ട്, ഒരു വോട്ടിന് ഒരു മൂല്യം എന്നത് രാഷ്ട്രീയ ജനാധിപത്യമാണ്. സ്വാതന്ത്ര്യത്തോടെയുള്ള സമത്വവും സാഹോദര്യത്തോടെയുള്ള സമത്വവും സമത്വത്തോടെയുള്ള സ്വാതന്ത്ര്യവും ചേരുമ്പോഴാണ് സാമൂഹിക ജനാധിപത്യമുണ്ടാകുന്നത്.