

കൊച്ചി: കൊച്ചിയിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഗർഭിണിയെ മർദിച്ച എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ (SHO Pratapachandran) ക്രിമിനൽ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതാപചന്ദ്രനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നുവെങ്കിലും, കേസ് രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
മർദനമേറ്റ ഷൈമോളും ഭർത്താവ് ബെൻജോയും മജിസ്‌ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് എറണാകുളം സിജിഎം കോടതിയിൽ ഹർജി നൽകി. ഹർജി അടുത്ത മാസം 17-ന് കോടതി പരിഗണിക്കും. 2024 ജൂൺ 20-ന് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. നിലവിൽ അരൂർ എസ്എച്ച്ഒ ആയ പ്രതാപചന്ദ്രൻ അന്ന് നോർത്ത് സിഐ ആയിരുന്നു. ഷൈമോളെ നെഞ്ചത്ത് പിടിച്ച് തള്ളുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഒരു വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പരാതിക്കാരിക്ക് സ്റ്റേഷനുള്ളിലെ ഈ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് സസ്പെൻഷൻ നടപടിയുണ്ടായത്. ഷൈമോൾ സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും കുഞ്ഞുങ്ങളെ വലിച്ചെറിയാൻ ശ്രമിച്ചപ്പോഴാണ് താൻ പ്രതികരിച്ചതെന്നുമാണ് പ്രതാപചന്ദ്രന്റെ വിശദീകരണം. പോലീസ് സ്റ്റേഷനുകൾക്കുള്ളിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങൾ ഗൗരവകരമാണെന്നും വെറും സസ്പെൻഷനിൽ നടപടി ഒതുക്കരുതെന്നുമാണ് മനുഷ്യാവകാശ പ്രവർത്തകരുടെ ആവശ്യം.
Demands are mounting for a criminal case to be registered against SHO Pratapachandran, who was caught on CCTV assaulting a pregnant woman inside the Ernakulam North Police Station. While he has been suspended following the Chief Minister's intervention, the victim, Shaimol, and her husband have moved the Ernakulam CGM court seeking a magistrate-level probe.