കൊച്ചി: സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ എഴുത്തുകാരി ഇന്ദു മേനോനെതിരെ കേസെടുത്ത് കോടതി. സെപ്റ്റംബർ പതിനഞ്ചിന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാനും ഇന്ദു മേനോന് നിർദേശമുണ്ട്.
യുവ നോവലിസ്റ്റ് അഖിൽ പി ധർമജന്റെ പരാതിയിലാണ് കേസെടുത്തത്. അഖിൽ പി ധർമജൻ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് വാങ്ങിയതിനെ തുടർന്ന് ഇന്ദു മേനോൻ നടത്തിയ പരാമർശത്തിലാണ് കേസ്. ജൂറിയെ സ്വാധീനിച്ചും അഴിമതി നടത്തിയുമാണ് അഖിൽ പി ധർമജൻ അവാർഡ് വാങ്ങിയതെന്ന് ഇന്ദു മേനോൻ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
പരാമർശം പ്രഥമദൃഷ്ട്യാ അപകീർത്തികരമെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരന്റെ മൊഴിയെടുത്ത ശേഷമാണ് കേസെടുത്തത്. റാം കെയർ ഓഫ് ആനന്ദി എന്ന നോവലാണ് അഖിലിനെ യുവ സാഹിത്യ പുരസ്കാരത്തിന് അർഹനാക്കിയത്.