തൃശൂർ : സിപിഎം വനിത നേതാവ് കെജെ ഷൈനെതിരെയുള്ള അപവാദ പ്രചാരണത്തിൽ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കെവി സത്താറിനെതിരെ കേസെടുത്ത് പൊലീസ്. ചാവക്കാട് നഗരസഭ കൗണ്‍സിലറായ കെവി സത്താറിനെതിരെയാണ് പൊലീസ് കേസെടുത്തത്.
സിപിഎം ചാവക്കാട് ലോക്കല്‍കമ്മിറ്റി സെക്രട്ടറി പിഎസ് അശോകനും മഹിളാ അസോസിയേഷന്‍ ചാവക്കാട് മേഖല സെക്രട്ടറി എംബി രാജലക്ഷ്മിയും നൽകിയ പരാതിയിലാണ് പോലീസ് നടപടി. അതേസമയം, സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായി യൂട്യൂബര്‍ കെ എം ഷാജഹാന്‍.
ആലുവയിലാണ് എറണാകുളം റൂറല്‍ സൈബര്‍ പൊലീസിന്റെ ചോദ്യം ചെയ്യല്‍. ആലുവ റെയില്‍വേ സ്റ്റേഷന്‍ മുതല്‍ പൊലീസ് സംരക്ഷണത്തിലാണ് ഷാജഹാന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. പ്രതിപക്ഷം എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ കെഎം ഷാജഹാൻ അവഹേളിച്ചുവെന്നും അത് സൈബര്‍ ആക്രമണത്തിന് കാരണമായെന്നുമാണ് കെജെ ഷൈനിന്‍റെ പരാതി.