കോട്ടയം: ക്രിസ്മസ് വേളയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരെ ഉണ്ടായ ആക്രമണങ്ങളിൽ കേന്ദ്ര സർക്കാരിനെയും സംഘപരിവാറിനെയും രൂക്ഷമായി വിമർശിച്ച് സിറോ മലബാർ സഭയുടെ മുഖപത്രമായ 'ദീപിക'. മതവർഗ്ഗീയവാദികൾ അഴിച്ചുവിടുന്ന ആക്രമണങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷ അവകാശങ്ങൾക്കും എതിരെയുള്ള വെല്ലുവിളിയാണെന്ന് പത്രം മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.(Deepika strongly criticizes the Centre and PM Modi for attacks on Christians)
വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനത്തെ ദീപിക നിശിതമായി വിമർശിച്ചു. പുറത്ത് ക്രിസ്മസ് ആഘോഷങ്ങൾ അലങ്കോലമാക്കപ്പെടുമ്പോൾ പ്രധാനമന്ത്രി പള്ളിക്കുള്ളിൽ പ്രാർത്ഥനയിൽ പങ്കെടുക്കുന്നത് രാജ്യത്തെ പൗരന്മാരെ കാണിക്കാനല്ല, മറിച്ച് ലോകരാജ്യങ്ങളെ കാണിക്കാനുള്ള പ്രകടനം മാത്രമാണ്.
ആക്രമണങ്ങളെ അപലപിക്കാനോ നടപടി സ്വീകരിക്കാനോ തയ്യാറാകാത്ത ഭരണകൂടത്തിന്റെ നിശബ്ദതയാണ് സംഘപരിവാർ അക്രമങ്ങളെക്കാൾ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നത്. ഹിന്ദുരാഷ്ട്രത്തിനായി പ്രസംഗിച്ചവർക്ക് തടസ്സമായത് ഭരണഘടനയുടെ കരുത്താണെന്ന് മുഖപ്രസംഗം ഓർമ്മിപ്പിക്കുന്നു. എന്നാൽ ആ കോട്ടയ്ക്ക് കാവൽ നിൽക്കേണ്ട ഭരണകൂടം ഇന്ന് പിൻവാതിൽ വഴി വർഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരായ ആക്രമണങ്ങൾ നാലും അഞ്ചും ഇരട്ടിയായി വർദ്ധിച്ചതായും പത്രം ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാരിനെതിരെ മാത്രമല്ല, ദുർബലമായ ഇടപെടലുകൾ നടത്തുന്ന പ്രതിപക്ഷത്തിനെതിരെയും ദീപിക വിമർശനം ഉന്നയിച്ചു. വെറും നിവേദനങ്ങൾ നൽകിയത് കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കപ്പെടില്ല. മതപരിവർത്തനം എന്ന പേരിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുമ്പോൾ, 'ഘർ വാപസി'ക്ക് ഭരണകൂടം മൗനാനുവാദം നൽകുന്നു. ഇത്തരം മാരകമായ വിഷയങ്ങളെ നേരിടാൻ പ്രസ്താവനകൾക്ക് അപ്പുറം രാഷ്ട്രീയ പാർട്ടികൾക്ക് വ്യക്തമായ പദ്ധതികൾ ഉണ്ടാകണം.
ഇസ്ലാമിക തീവ്രവാദത്തെയും ഹിന്ദു-ക്രിസ്ത്യൻ വർഗ്ഗീയതയെയും ഒരുപോലെ എതിർക്കണം. ദേശീയതലത്തിൽ നിയമനടപടികൾ ഏകോപിപ്പിക്കാൻ പ്രത്യേക സംവിധാനം വേണം. ന്യൂനപക്ഷ വേട്ട തടയാൻ നിയമനിർമ്മാണവും രാഷ്ട്രീയ ഇച്ഛാശക്തിയും ഉണ്ടാകണം എന്നും ഇതിൽ പറയുന്നു.