

കോഴിക്കോട്: ബസിനുള്ളിലെ അപമര്യാദയായ പെരുമാറ്റം ആരോപിച്ച് ദീപക്കിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവതിക്കെതിരെ പോലീസ് നടപടികൾ കടുപ്പിച്ചു. ദീപക്കിന്റെ അമ്മ നൽകിയ പരാതിയിലാണ് ഷിംജിതയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനത്തതോടെ ഷിംജിത തന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്തിട്ടുണ്ട്. ഇവ വീണ്ടെടുക്കാനും വിവരങ്ങൾ ശേഖരിക്കാനും സൈബർ പോലീസിന്റെ സഹായം തേടിയിരിക്കുകയാണ് അന്വേഷണ സംഘം.വടകര പോലീസിൽ പരാതി നൽകിയിരുന്നു എന്ന യുവതിയുടെ അവകാശവാദം പോലീസ് തള്ളി. അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇൻസ്പെക്ടർ വ്യക്തമാക്കി.
ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കാനാണ് പോലീസിന്റെ നീക്കം. ഇതിലൂടെ മാത്രമേ ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് വ്യക്തമാകൂ.നോർത്ത് സോൺ ഡി.ഐ.ജി നേരിട്ട് അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടിരിക്കുന്നത്.
പയ്യന്നൂരിൽ വെച്ച് നടന്ന സംഭവത്തിന്റെ വീഡിയോ യുവതി പങ്കുവെച്ചതിന് പിന്നാലെ ദീപക് വലിയ രീതിയിലുള്ള സൈബർ ആക്രമണത്തിന് ഇരയായിരുന്നു. ഇതേത്തുടർന്നുണ്ടായ മാനസിക വിഷമമാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ഉറച്ചു വിശ്വസിക്കുന്നു.
പൊതുപ്രവർത്തക കൂടിയായ യുവതി നിരുത്തരവാദപരമായി സോഷ്യൽ മീഡിയയെ ഉപയോഗിച്ചു എന്ന വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.