

കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ വ്യാജ ആരോപണം ഉന്നയിച്ച് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ച കേസിൽ പ്രതിയായ ഷിംജിതാ മുസ്തഫ ഒളിവിൽപ്പോയതായി സൂചന. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക് മരിച്ച സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് വടകര സ്വദേശിനിയായ ഷിംജിത ഒളിവിൽ പോയത്. പ്രതി രാജ്യം വിടാൻ സാധ്യതയുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ദീപക്കിന്റെ കുടുംബം ആവശ്യപ്പെട്ടു.
പയ്യന്നൂരിലെ സ്വകാര്യ ബസിൽ വെച്ച് യുവതി ആരോപിക്കുന്ന രീതിയിലുള്ള ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ബസിലെ സിസിടിവി ദൃശ്യങ്ങൾ മെഡിക്കൽ കോളേജ് പോലീസ് ശേഖരിച്ചു. ബസ് ജീവനക്കാരുടെയും ആ സമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തും. സംഭവദിവസം തങ്ങൾക്ക് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ബസ് ജീവനക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഷിംജിത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ദൃശ്യങ്ങൾ സൈബർ പോലീസിന്റെ സഹായത്തോടെ വിശദമായി പരിശോധിക്കും. യുവതിയുടെ ഫോൺ കസ്റ്റഡിയിലെടുക്കാനും അതിൽ നിന്ന് ഡിലീറ്റ് ചെയ്ത ദൃശ്യങ്ങൾ ഉണ്ടെങ്കിൽ അവ വീണ്ടെടുക്കാനുമാണ് പോലീസിന്റെ നീക്കം.
ദീപക്കിന്റെ അമ്മ കന്യക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. യാതൊരു തെറ്റും ചെയ്യാത്ത തന്റെ മകൻ വ്യാജ പ്രചാരണം കാരണം അപമാനിതനായാണ് മരിച്ചതെന്ന് കുടുംബം പറയുന്നു. കേസിൽ നിർണ്ണായകമാകുക ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും യുവതി പകർത്തിയ വീഡിയോയുമാണ്.