തിരുവനന്തപുരം : കേരള കാർഷിക സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ പ്രതിഷേധം ഫലം കണ്ടു. യു.ജി. കോഴ്സുകൾക്ക് 50 ശതമാനവും പി.ജി. കോഴ്സുകൾക്ക് 40 ശതമാനവും ഫീസ് കുറയ്ക്കാൻ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ ധാരണയായി. കൃഷിമന്ത്രിയുടെ അധ്യക്ഷതയിലാണ് സർവ്വകലാശാല അധികൃതരുമായി യോഗം ചേർന്നത്.(Decision to reduce fees at Agricultural University)
കാർഷിക സർവ്വകലാശാലയിൽ ഫീസ് വർദ്ധിപ്പിച്ചതിനെതിരെ എസ്.എഫ്.ഐ. ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ വലിയ പ്രതിഷേധം നടത്തിയിരുന്നു.
അമിതമായ ഫീസ് വർദ്ധനവിനെതിരെ അർജുൻ എന്ന വിദ്യാർത്ഥി കോളേജിന് മുന്നിൽ നിന്ന് പങ്കുവെച്ച വീഡിയോ വലിയ ചർച്ചയായിരുന്നു. സ്വകാര്യ കോളേജിനേക്കാൾ വലിയ ഫീസ് വരുന്നതിനാൽ പഠനം നിർത്തുകയാണെന്ന് അർജുൻ വീഡിയോയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധം ശക്തമായി.
വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് ഫീസ് കുറയ്ക്കാൻ സർക്കാർ തലത്തിൽ തീരുമാനമെടുത്തത്. ഈ നടപടി വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാകും.