തൃശൂർ : ചാനല്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം നടത്തിയ പ്രിന്റു മഹാദേവ് പൊലീസിന് മുന്നില്‍ കീഴടങ്ങി.പേരാമംഗലം പൊലീസ് സ്റ്റേഷനിലേത്തിയാണ് പ്രിന്റു കീഴടങ്ങിയത്. ഹിംസയെ പ്രോത്സാഹിപ്പിക്കുന്ന ആളല്ല താൻ എന്ന് കീഴടങ്ങാൻ എത്തിയ പ്രിന്റു പറഞ്ഞു. ബിജെപി നേതാക്കളുടെ വസതികളിലും മറ്റും വ്യാപകമായി പൊലീസ് തിരച്ചിൽ നടത്തിയതിന് പിന്നാലെയാണ് കീഴടങ്ങൽ.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സ്വകാര്യ ചാനലിലെ ചര്‍ച്ചയിലാണ് ബിജെപി യുവ നേതാവ് പ്രിന്റു മഹാദേവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയത്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നായിരുന്നു പ്രസ്താവന.
തുടര്‍ന്ന് വിഷയത്തില്‍ നിയമ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ നൽകിയ പരാതിയിലാണ് പേരാമംഗലം പൊലീസ് പ്രിന്റുവിനെതിരെ കേസെടുത്തത്. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തിരിക്കുന്നത്.