
ഫാസിസത്തിനും നവകോളണീകരണത്തിനുമെതിരായ ഇന്ത്യയുടെ ശക്തമായ നാവാണ് നിലച്ചുപോയിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
ഏറ്റവും നിർണ്ണായകമായ കാലത്ത് മതനിരപേക്ഷ ഇന്ത്യയുടെ പതാക ഉയർത്തിപ്പിടിക്കാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്തിന് സംഭാവന ചെയ്ത വിപ്ലവപ്രതിഭയെയാണ് നഷ്ടമായിരിക്കുന്നത് – മന്ത്രി അനുസ്മരിച്ചു.
വിദ്യാർഥിനേതാവിൽ നിന്ന് പാർട്ടിയുടെ സമുന്നത സമിതിയിലേക്ക് ഇഎംഎസ് കൈപ്പിടിച്ച് ചുമതലയേൽപ്പിച്ചത് ഇന്ത്യയുടെ സമകാലവെല്ലുവിളികളെ ദീർഘദർശനം ചെയ്തായിരുന്നുവെന്ന് സഖാവ് സീതാറാമിന്റെ പ്രോജ്ജ്വലമായ വിപ്ലവജീവിതം എന്നും സാക്ഷ്യം നിൽക്കുന്നു. പ്രത്യയശാസ്ത്ര പോരാട്ടത്തിലും ദൈനംദിന സമരപോരാട്ടങ്ങളിലും വിദ്യാർത്ഥിതുല്യമായ അതേ തേജസ്സോടെ അവസാനനാളുകൾ വരെയും ആ കർത്തവ്യബോധം ജ്വലിച്ചുനിന്നു.
തൊഴിലാളികളുടെയും കർഷകജനതയുടെയും സൃഷ്ടിയായ സ്വതന്ത്രഭാരതത്തെ വീണ്ടും സാമ്രാജ്യനുകങ്ങളിലേക്ക് കെട്ടാനുള്ള ശ്രമങ്ങളിൽ ഭരണവർഗ്ഗത്തിനു മേൽ ഇടിത്തീയായിരുന്നു പാർലമെന്റിലായാലും ജനവീഥികളിലായാലും അക്കാദമിക വ്യവഹാരങ്ങളിലായാലും സീതാറാമിന്റെ ശബ്ദം. ആശയതെളിമയുടെ നിലക്കാത്ത ആ മുഴക്കങ്ങൾ പ്രതിസന്ധിയുടെ ഇരുണ്ടകാലത്തെ മുറിച്ചുകടക്കാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഇന്ത്യൻ ജനതയും വരും കാലങ്ങളിലും നെഞ്ചിൽ സൂക്ഷിക്കും – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.