തിരുവനന്തപുരം: ശ്വാസതടസ്സത്തെത്തുടർന്ന് ചികിത്സ തേടിയെത്തിയ കൊല്ലംകോണം സ്വദേശി ബിസ്‌മീർ മരിച്ച സംഭവത്തിൽ വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ആശുപത്രിയിൽ നേരിട്ടെത്തി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ കർശന നിർദ്ദേശം.(Death of man, Health Department directs investigation at Vilappilsala Hospital)
ശ്വാസം കിട്ടാതെ പിടയുന്ന അവസ്ഥയിൽ പുലർച്ചെ ആശുപത്രിയിലെത്തിയപ്പോൾ ഗ്രില്ലുകൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പത്ത് മിനിറ്റിലധികം വരാന്തയിൽ കാത്തുനിൽക്കേണ്ടി വന്നുവെന്നും സഹായത്തിനായി നിലവിളിച്ചിട്ടും ആരും വന്നില്ലെന്നും ഭാര്യ ജാസ്മിൻ പറഞ്ഞു.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന ബിസ്മിറിന് ഓക്സിജൻ നൽകാനോ സി.പി.ആർ, നെബുലൈസേഷൻ എന്നിവ നൽകാനോ ജീവനക്കാർ തയ്യാറായില്ല. ആശുപത്രി അധികൃതർ കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കിൽ സഹോദരൻ്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് സഹോദരനും ആരോപിച്ചു.
നീതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകാനാണ് കുടുംബത്തിൻ്റെ തീരുമാനം. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ സഹായത്തിനായി അഭ്യർത്ഥിക്കുന്നത് വ്യക്തമാക്കുന്നുണ്ട്.