തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിലെ തെരുവ് നായ ആക്രമണത്തിൽ പുള്ളിമാനുകൾ ചത്ത സംഭവത്തിൽ വനംമന്ത്രി എ.കെ. ശശീന്ദ്രൻ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രി ഉന്നതതല സമിതിയെ രൂപീകരിച്ചു.(Death of deer at Thrissur Zoological Park, Forest Minister announces inquiry)
അന്വേഷണ സമിതിയിലെ അംഗങ്ങൾ പ്രമോദ് ജി. കൃഷ്ണൻ (ചീഫ് വൈൽഡ് ലൈഫ് വാർഡൻ), ജോർജി പി. മാത്തച്ചൻ (വനം വിജിലൻസ് വിഭാഗം സി.സി.എഫ്.), ഡോ. അരുൺ സക്കറിയ (ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ) എന്നിവരാണ്.
നാല് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ടും സമർപ്പിക്കാനാണ് മന്ത്രി സമിതിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. പുള്ളിമാനുകളെ പാർപ്പിച്ച സ്ഥലത്തേക്ക് പ്രദേശത്തുനിന്നുള്ള തെരുവ് നായ്ക്കൾ അതിക്രമിച്ച് കയറി ആക്രമിച്ചതിനെ തുടർന്നാണ് മാനുകൾ ചത്തത്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മറ്റ് കർശന നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി. മരണപ്പെട്ട പുള്ളിമാനുകളുടെ ജഡം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.