കോഴിക്കോട് : വടകര പൂവാടൻ ഗേറ്റിൽ ട്രെയിൻ തട്ടി ബധിരനും മൂകനുമായ മധ്യവയസ്‌കന് ദാരുണാന്ത്യം. കുരിയാടി സ്വദേശി വരയന്റെ വളപ്പിൽ കനകനാണ് മരിച്ചത്.
ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്റർസിറ്റി ട്രെയിനാണ് ഇടിച്ചത്. നടന്നു പോവുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. പെരുവാട്ടും താഴെ നിന്ന് കുരിയാടി ഭാഗത്തേക്ക് പോവുകയായിരുന്നു കനകൻ. ഈ സമയം ഇരു ഭാഗത്തേക്കും ട്രെയിൻ കടന്നു പോവുന്ന സമയമാണ്.
കണ്ണൂർ ഭാഗത്തേക്ക് പോയ ട്രെയിൻ കനകന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേസമയം തൊട്ടടുത്ത ട്രാക്കിൽ ട്രെയിൻ വന്നത് ഇയാൾ കണ്ടില്ല. ചെവി കേൾക്കാത്തതിനാൽ ശബ്ദം തിരിച്ചറിയാനും സാധിച്ചില്ല. മൽസ്യ തൊഴിലാളിയാണ് മരിച്ച കനകൻ. ആർ പി എഫും വടകര പൊലീസും സ്ഥലത്തെത്തി. മൃതദേഹം വടകര ഗവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി