
തിരുവനന്തപുരം: തലസ്ഥാനത്ത് കഴക്കൂട്ടത്ത് കാറിനുള്ളിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. മരിച്ചത് ജോസഫ് പീറ്റർ എന്നയാളാണ് എന്നാണ് പോലീസ് പറയുന്നത്.(Deadbody inside car in Kazhakkoottam)
ഇയാളുടെ മൃതദേഹം കണ്ടെത്തിയത് എസ് എൻ ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ പിൻസീറ്റിൽ നിന്നാണ്. വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പോലീസിനെ അറിയിച്ചത് വഴിയാത്രക്കാരാണ്. ഇന്ന് രാവിലെയാണ് സംഭവം.
തുടർന്ന് പോലീസെത്തി പരിശോധന നടത്തുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. കാറിൻ്റെ ഉടമയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ഫോണിൽ കിട്ടാത്തതിനാൽ ഉടമയുടെ സഹോദരനെ എത്തിച്ചാണ് കാറിനുള്ളിലെ മൃതദേഹം തിരിച്ചറിഞ്ഞത്.
മരിച്ച ജോസഫ് പീറ്റർ പൗണ്ട്കടവ് സ്വദേശിയാണ്. ഇയാളുടെ ഭാര്യയും മകനും വിദേശത്തും, മകൾ വിവാഹിതയുമാണ്. അസ്വാഭാവിക മരണത്തിന് തുമ്പ പോലീസ് കേസെടുത്തു.