

കോഴിക്കോട്: കുപ്പിവെള്ളത്തിൽ നിന്നും ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. ഈ വെള്ളം കുടിച്ചതിനെ തുടർന്ന് അത്തോളി സ്വദേശിയായ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. അത്തോളി സ്വദേശി റിഷി റസാഖാണ് പരാതിയുമായി രംഗത്തെത്തിയത്. നന്മണ്ടയിലെ ഒരു ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തിലാണ് ചത്ത പല്ലിയെ കണ്ടതെന്നാണ് പരാതി.(Dead lizard found in bottled water in Kozhikode, man hospitalized after drinking water)
യാത്രയ്ക്കിടെ റിഷി റസാഖും കുടുംബവും ബേക്കറിയിൽ നിന്നും വെള്ളം വാങ്ങിയിരുന്നു. ആദ്യം റിഷി റസാഖാണ് വെള്ളം കുടിച്ചത്. ശേഷം അഞ്ചു വയസ്സുള്ള കുട്ടിക്ക് നൽകാൻ ഒരുങ്ങവെയാണ് വെള്ളത്തിന് അസ്വാഭാവികമായ ദുർഗന്ധം അനുഭവപ്പെട്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് കുപ്പിയുടെ അടിഭാഗത്തായി പല്ലിയെ ചത്ത നിലയിൽ കണ്ടതെന്ന് റിഷി പറയുന്നു.
2026-ലെ അഞ്ചാം മാസം വരെ കുപ്പിയിൽ കാലാവധി രേഖപ്പെടുത്തിയിട്ടുണ്ട്. റിഷി റസാഖ് പിന്നീട് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ആരോഗ്യ വകുപ്പിൽ പരാതി നൽകുമെന്ന് യുവാവ് വ്യക്തമാക്കി.