മലപ്പുറം: നിലമ്പൂർ സൗത്ത് ഡിവിഷനിലെ താൾക്കൊല്ലി ഉൾവനത്തിനുള്ളിൽ 15 വയസ്സോളം പ്രായമുള്ള പിടിയാനയുടെ ജഡം കണ്ടെത്തി. ഒരു ദിവസം പഴക്കമുള്ള നിലയിലാണ് ജഡം. താൾക്കൊല്ലി കാരീരിയിലെ 1965-ലെ തേക്ക് പ്ലാന്റേഷന് സമീപം ഞായറാഴ്ച രാവിലെ ഫീൽഡ് പരിശോധനയ്ക്ക് പോയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ജഡം കണ്ടെത്തിയത്.(Dead body of Wild elephant found in Malappuram)
ആനയുടെ ജഡം പോസ്റ്റ്‌മോർട്ടം ചെയ്തെങ്കിലും മരണകാരണം വ്യക്തമായിട്ടില്ല. നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ. ജി. ധനിക് ലാൽ പോസ്റ്റ്‌മോർട്ടത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. വനം വകുപ്പ് അസിസ്റ്റന്റ് വെറ്റിനറി സർജൻ ഡോ. എസ്. ശ്യാം, ഡോ. നൗഷാദലി, ഡോ. ജെ. ഐശ്വര്യ, വൈൽഡ് ലൈഫ് എക്സ്പർട്ട് ഡോ. അനൂപ് ദാസ്, എൻ.ജി.ഒ. പ്രതിനിധി ഹമീദ് വാഴക്കാട് എന്നിവർ ഉൾപ്പെട്ട സംഘമാണ് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. കൂടുതൽ പരിശോധനയ്ക്കായി ആനയുടെ ആന്തരികാവയവങ്ങൾ ശേഖരിച്ചിട്ടുണ്ട്. കരുളായി വനം റേഞ്ച് ഓഫീസർ പി.കെ. മുജീബ് റഹ്‌മാൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയത്.
ആനമറിയിൽ കൃഷി നാശം
അതേസമയം, നിലമ്പൂരിൽ കാട്ടാനശല്യം രൂക്ഷമായി തുടരുന്നു. ആനമറിയിൽ വീട്ടുമുറ്റത്ത് എത്തിയ കാട്ടാന കൃഷി നശിപ്പിക്കുകയും സോളാർ പാനൽ തകർക്കുകയും ചെയ്തു. കൊള്ളവണ്ണ കൃഷ്ണൻ, തെങ്ങാ പറമ്പിൽ രാജി എന്നിവരുടെ തെങ്ങ്, കമുക്, വാഴ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്.
നെല്ലിക്കുത്ത് വനാതിർത്തിയോട് ചേർന്ന ജനവാസ പ്രദേശമാണിത്. ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. നാട്ടിലിറങ്ങുന്ന ആനക്കൂട്ടം കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നുണ്ട്. വനാതിർത്തിയിൽ ഫെൻസിങ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യത്തോട് വനം വകുപ്പ് ഇപ്പോഴും പുറംതിരിഞ്ഞു നിൽക്കുകയാണെന്ന ആക്ഷേപമുണ്ട്.