കൊച്ചി: തൃക്കാക്കര നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പിൽ പാർട്ടി മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലെന്ന ഉമ തോമസ് എംഎൽഎയുടെ പരാതി തള്ളി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. എംഎൽഎയുടെ പരാതി തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കെപിസിസി നിശ്ചയിച്ച മാനദണ്ഡങ്ങൾ അനുസരിച്ചാണ് അധ്യക്ഷന്മാരെ തിരഞ്ഞെടുത്തതെന്നും ഷിയാസ് പറഞ്ഞു.(DCC President on Uma Thomas MLA's complaint)
പാർട്ടി കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്നും പരാതിയുള്ളവരെ നേരിട്ട് കണ്ട് പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വൻ വിജയത്തിന്റെ തിളക്കം ഇത്തരം പരാതികൾ കെടുത്തില്ലെന്ന് ഡിസിസി പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ചെയർമാൻ സ്ഥാനത്തേക്ക് റാഷിദ് ഉള്ളമ്പിള്ളിയെ അഞ്ച് വർഷത്തേക്ക് തിരഞ്ഞെടുത്തതിലാണ് എംഎൽഎയ്ക്ക് വിയോജിപ്പുള്ളത്. കൊച്ചി കോർപ്പറേഷനിൽ മേയർ സ്ഥാനം രണ്ട് ടേമുകളായി വീതം വെച്ചത് പോലെ തൃക്കാക്കരയിലും ടേം വ്യവസ്ഥ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡിസിസി പ്രസിഡന്റ് അത് തള്ളിക്കളഞ്ഞു.
ഷാജി വാഴക്കാലയെ പിന്തുണയ്ക്കുന്ന കൗൺസിലർമാർ ഉണ്ടായിരുന്നിട്ടും റാഷിദിന് ഭൂരിപക്ഷം ഉണ്ടെന്ന് പറഞ്ഞ് അഞ്ച് വർഷത്തേക്ക് പ്രഖ്യാപിക്കുകയായിരുന്നു. തൃക്കാക്കരയിൽ ടേം വ്യവസ്ഥ പരിഗണിക്കാത്തത് കെപിസിസി മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് എംഎൽഎ പരാതിയിൽ പറയുന്നു.