

കൊച്ചി: തന്നെ കാണാൻ 'ആണത്തം' കൂടുതലാണെന്നും ജിമ്മിൽ പോയാൽ പൂർണ്ണമായും ആണായി മാറുമെന്നും പരിഹസിച്ച വ്യക്തിക്കാണ് ദയ സുജിത്ത് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ മറുപടി നൽകിയത്. തന്നെ പരിഹസിച്ചവന്റെ പുരുഷത്വത്തെ തന്നെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ദയയുടെ പ്രതികരണം.
"എന്റെ ഈ ആണത്തത്തെ ഉൾക്കൊള്ളാൻ കഴിയുന്നത്ര പൗരുഷം നിങ്ങൾക്കില്ലാത്തതിൽ ഞാൻ ഖേദിക്കുന്നു. എന്നേക്കാൾ വലിയ ആണ് നിങ്ങളാണെന്ന് കരുതാൻ മാത്രം ആണത്തം നിങ്ങൾക്കില്ലാത്തതിൽ എനിക്ക് വിഷമമുണ്ട്."
തന്റെ രൂപം മറ്റൊരാളിൽ അരക്ഷിതാവസ്ഥ (Insecurity) ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് അയാളുടെ വ്യക്തിപരമായ പ്രശ്നമാണെന്നും ദയ തുറന്നടിച്ചു. നേരത്തെ വണ്ണം വെച്ചതിനെ പരിഹസിച്ചവർക്കും ദയ ഇത്തരത്തിൽ ചുട്ട മറുപടി നൽകിയിരുന്നു. തന്നെ 'അമ്മച്ചി' എന്ന് വിളിക്കുകയും വണ്ണത്തെ പരിഹസിക്കുകയും ചെയ്ത ആന്റിയോട്, "ആന്റി ഒരു ഫ്രിഡ്ജ് പോലെയാണ് ഇരിക്കുന്നത്, എന്നിട്ടാണോ എന്നോട് പറയുന്നത്?" എന്ന് ദയ ചോദിച്ചതും അന്ന് വലിയ ചർച്ചയായിരുന്നു.
വിദേശത്തെ പഠനം പൂർത്തിയാക്കി തിരിച്ചെത്തിയ ദയ മോഡലിംഗിലും സോഷ്യൽ മീഡിയയിലും സജീവമാണ്. ടോക്സിക് റിലേഷൻഷിപ്പുകൾ, ബ്രേക്കപ്പുകൾ തുടങ്ങിയ ഗൗരവകരമായ വിഷയങ്ങളിൽ വ്യക്തമായ നിലപാടുകൾ പങ്കുവെക്കുന്ന ദയയ്ക്ക് വലിയൊരു ആരാധകവൃന്ദമുണ്ട്.