തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോൾ കിരീടപ്പോരാട്ടം കനക്കുന്നു. ഇതുവരെ 120 മത്സരങ്ങൾ പൂർത്തിയായപ്പോൾ നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോടും കണ്ണൂരും തമ്മിൽ പോയിന്റ് നിലയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ആതിഥേയരായ തൃശൂർ തൊട്ടുപിന്നാലെ തന്നെയുണ്ട്.(Day 3 of Kerala State School Kalolsavam, Kozhikode and Kannur face off for the gold cup)
മൂന്നാം ദിനമായ ഇന്ന് പ്രധാന വേദികളിൽ അരങ്ങേറുന്ന പ്രമുഖ മത്സരയിനങ്ങളെക്കുറിച്ച് അറിയാം. വേദി 1ൽ ഹയർ സെക്കൻഡറി വിഭാഗം കുച്ചിപ്പുടി, ഹയർ സെക്കൻഡറി വിഭാഗം ചവിട്ടുനാടകം, ഹൈസ്കൂൾ വിഭാഗം ഭരതനാട്യം, പൂരക്കളി, നങ്ങിയാർ കൂത്ത്. വേദി 3-ൽ നടക്കുന്ന ഹയർ സെക്കൻഡറി വിഭാഗം മലപ്പുലയാട്ടം ഇന്നത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.
രണ്ടാം ദിനമായ ഇന്നലെ ഹൈസ്കൂൾ വിഭാഗം നാടകം ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങൾ കാണികളുടെ വൻ തിരക്ക് കാരണം പുലർച്ചെ വരെ നീണ്ടു. കനത്ത മത്സരമാണ് ഓരോ ഇനത്തിലും നടക്കുന്നത് എന്നതിനാൽ ഫലപ്രഖ്യാപനങ്ങൾ ഓരോ നിമിഷവും പോയിന്റ് നില മാറ്റിമറിക്കുകയാണ്.