തൃശ്ശൂർ: മുണ്ടൂരിൽ വൃദ്ധയായ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളും കാമുകനും പിടിയിൽ. മുണ്ടൂർ സ്വദേശിനി തങ്കമണി (75) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. തങ്കമണിയുടെ മകൾ സന്ധ്യ (45), ഇവരുടെ കാമുകനായ അയൽവാസി നിതിൻ (27) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.(Daughter and boyfriend murders mother in Thrissur, Aim is to steal gold ornaments)
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. തങ്കമണിയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു. ശനിയാഴ്ച രാവിലെ കൊലപാതകം നടത്തിയ ശേഷം, പ്രതികൾ മൃതദേഹം രാത്രിയോടെ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു.
തങ്കമണി തലയിടിച്ച് വീണതാണെന്നാണ് മകൾ സന്ധ്യ ആദ്യം വീട്ടുകാരെ അറിയിച്ചത്. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തങ്കമണി ചലനമറ്റ നിലയിൽ കിടക്കുന്ന വിവരം വീട്ടുകാരെ അറിയിച്ചത് കൊലപാതകത്തിൽ പങ്കാളിയായ അയൽവാസി നിതിൻ തന്നെയാണ്.
തങ്കമണിയുടെ കഴുത്തിൽ സ്വർണാഭരണങ്ങൾ കാണാതെ വന്നതോടെയാണ് കൊലപാതകമാണെന്ന സംശയം ഉയർന്നത്. മൃതദേഹം തിരിച്ചിട്ടപ്പോൾ കഴുത്തിലും ചെവിക്കും പാടുകളുണ്ടായിരുന്നു. പ്രതിയായ നിതിൻ സംഭവത്തിനുശേഷം ശബരിമലയ്ക്ക് പോകാനായി തയ്യാറെടുത്ത് നിൽക്കുകയായിരുന്നു എന്നും അയൽവാസി പ്രിയൻ പ്രതികരിച്ചു. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. സന്ധ്യക്ക് ഭർത്താവും ഒരു മകനുമുണ്ട്. അവിവാഹിതനായ നിതിൻ ഇവരുടെ അയൽവാസിയാണ്. ഇരുവരേയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.