തിരുവനന്തപുരം : വ്യാജ മആലാ മോഷണക്കേസിൽ പൊലീസിനെതിരായ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ദളിത് യുവതി ബിന്ദു പ്രതികരണവുമായി രംഗത്തെത്തി. റിപ്പോർട്ട് വന്നപ്പോൾ പ്രയാസം തോന്നിയെങ്കിലും ഇപ്പോൾ സന്തോഷമുണ്ടെന്ന് അവർ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. (Dalit woman tortured by police in Trivandrum over fake theft case )
ഇത് ചെയ്യിച്ചത് പൊലീസാണ് എന്നും, ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് പ്രസന്നൻ ആണെന്നും അവർ വ്യക്‌തമാക്കി. ഓമന ഡാനിയേൽ മാലകിട്ടിയെന്ന് അറിയിച്ചിട്ടും പൊലീസുകാരായ പ്രസന്നനും പ്രസാദും വീണ്ടും ആ കുറ്റം തൻ്റെ തലയിൽ വച്ചുവെന്നും അവർ പറഞ്ഞു.
മാലയെടുത്തിട്ടില്ല എന്ന് കാലു പിടിച്ച് പറഞ്ഞിട്ടും മാല കൊടുത്തേ തീരൂ എന്നാണ് പറഞ്ഞതെന്നും, ഓമന ഡാനിയൽ മാല കിട്ടിയെന്ന് പറഞ്ഞില്ലായിരുന്നുവെങ്കിൽ താൻ കേസിൽ പ്രതി ആകുമായിരുന്നുവെന്നും കൂട്ടിച്ചേർത്തു. ഓമനയും മകളും പോലീസിനോടൊപ്പമാണ് നിന്നതെന്നും ബിന്ദു വിമർശിച്ചു.
വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ കുടുക്കാൻ പേരൂർക്കട പോലീസ് കള്ളക്കഥ മെനഞ്ഞുവെന്ന് ഗുരുതര ആരോപണവുമായാണ് പുനരന്വേഷണം നടത്തിയ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡി വൈ എസ് പി വിദ്യാധരൻ രംഗത്തെത്തിയിരിക്കുന്നത്. വീട്ടിൽ നിന്നും മാല മോഷണം പോയിട്ടില്ല എന്നും, ബിന്ദുവിനെ മോഷ്ടാവാക്കാൻ പോലീസ് കഥ സൃഷ്ടിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. മറവി പ്രശ്നമുള്ള ഓമന ഡാനിയൽ മാല വീട്ടിലെ സോഫയ്ക്ക് താഴെ വച്ച് മറക്കുകയായിരുന്നു. പിന്നീട് ഇവർ തന്നെ ഇത് കണ്ടെത്തി.
ചവറുകൂനയിൽ നിന്നാണ് ഇത് കണ്ടെത്തിയതെന്ന പോലീസിൻ്റെ കഥ വ്യാജമാണെന്നും, അന്യായ കസ്റ്റഡിയെ ന്യായീകരിക്കാൻ മെനഞ്ഞ കഥയാണെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. പേരൂർക്കട എസ് എച്ച് ഒ ശിവകുമാർ,ഓമന ഡാനിയൽ എന്നിവർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.