തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായക കണ്ണിയെന്ന് സംശയിക്കുന്ന ഡി മണി എന്ന ബാലമുരുകനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളെ കണ്ട മണി വികാരാധീനനായാണ് പ്രതികരിച്ചത്. താൻ നിരപരാധിയാണെന്നും ശബരിമലയുമായോ സ്വർണ്ണക്കടത്തുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.(D Mani says that he is Innocent, and has no involvement in Sabarimala gold theft case)
താൻ ഒരു സാധാരണക്കാരനാണെന്നും ഒരു ചെറിയ ഗ്രാമത്തിൽ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് ചെയ്ത് ജീവിക്കുകയാണെന്നും മണി പറഞ്ഞു. തനിക്ക് സ്വർണ്ണ വ്യവസായമില്ലെന്നും എന്തിനാണ് തന്നെ ഇതിലേക്ക് വലിച്ചിഴക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം ആരോപിച്ചു. കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ തനിക്ക് അറിയില്ല. എസ്ഐടിയുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ ഡി മണിയല്ലെന്നും എം.എസ്. മണിയാണെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. എന്നാൽ ഇയാൾ തന്നെയാണ് 'ഡി മണി' എന്ന് പ്രവാസി വ്യവസായി ഉറപ്പിച്ചു പറയുന്നു. പ്രതികരണങ്ങൾ അന്വേഷണ സംഘം പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കഴിഞ്ഞ കുറഞ്ഞ കാലയളവിനുള്ളിൽ മണിയുടെ സാമ്പത്തിക സ്രോതസ്സുകളിലുണ്ടായ അമ്പരപ്പിക്കുന്ന വളർച്ചയാണ് പോലീസിന്റെ പ്രധാന സംശയം.
മണിയുടെ സഹായിയായ ശ്രീകൃഷ്ണനെയും ദിണ്ടിഗലിലെ ഇയാളുടെ സ്ഥാപനങ്ങളിലും പോലീസ് റെയ്ഡ് നടത്തി. അന്താരാഷ്ട്ര വിഗ്രഹക്കടത്ത് സംഘവുമായി മണിക്ക് ബന്ധമുണ്ടോ എന്നാണ് എസ്ഐടി പരിശോധിക്കുന്നത്. മണിയുടെ മൊഴികളിലെ ദുരൂഹത നീക്കാൻ ഡിസംബർ 30-ന് തിരുവനന്തപുരത്ത് നേരിട്ട് ഹാജരാകാൻ അന്വേഷണ സംഘം നോട്ടീസ് നൽകി.