തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ 'മോൻത' ഇന്ന് വൈകുന്നേരത്തോടെ കര തൊടും. ഈ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ കിഴക്കൻ തീരത്ത് കനത്ത ജാഗ്രത തുടരുകയാണ്. ആന്ധ്രാ തീരത്ത് മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനടക്ക് സമീപമായിരിക്കും ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കരയിൽ തൊടുന്ന സമയത്ത് മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.(Cyclone Montha to make it's appearance by evening)
ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ 'മോൻത'യുടെ സ്വാധീനത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ആന്ധ്രയിലെയും ഒഡീഷയിലെ തെക്കൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിൽ ചെന്നൈ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ കനത്ത മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. ആന്ധ്ര, തെക്കൻ ഒഡീഷ, തമിഴ്നാട്ടിലെ വടക്കൻ ജില്ലകൾ എന്നിവിടങ്ങളിൽ രാവിലെ തുടങ്ങിയ മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. ഒഡീഷ, പശ്ചിമ ബംഗാൾ തീരദേശ ജില്ലകൾക്ക് പുറമെ ഛത്തീസ്ഗഢ്, പുതുച്ചേരി എന്നിവിടങ്ങളിലും തീവ്രമഴ മുന്നറിയിപ്പുണ്ട്.
ചുഴലിക്കാറ്റ് ഭീഷണി കണക്കിലെടുത്ത് മൂന്ന് സംസ്ഥാനങ്ങളിലെയും തീരദേശ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശ്: 14 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒക്ടോബർ 29 വരെ അവധി നൽകിയിട്ടുണ്ട്. കാക്കിനട, ഈസ്റ്റ് ഗോദാവരി, കൃഷ്ണ ഉൾപ്പെടെയുള്ള ജില്ലകളിൽ ഒക്ടോബർ 31 വരെ സ്കൂളുകളും കോളേജുകളും അടഞ്ഞു കിടക്കും. ഹോസ്റ്റലുകളിലെ വിദ്യാർത്ഥികളോട് വീടുകളിലേക്ക് മടങ്ങാനും നിർദ്ദേശിച്ചു.
ഒഡീഷ: എട്ട് ജില്ലകളിൽ ഒക്ടോബർ 30 വരെ സ്കൂളുകൾക്ക് അവധിയാണ്.
തമിഴ്‌നാട്: ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ, വില്ലുപുരം തുടങ്ങിയ വടക്കൻ ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അടുത്ത 36 മണിക്കൂറിനുള്ളിൽ ഇവിടെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ദുരന്ത നിവാരണത്തിനായി സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേനയുടെ യൂണിറ്റുകൾ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. ഗർഭിണികളെയും മുതിർന്ന പൗരന്മാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പ്രധാനമന്ത്രിയുമായി സംസാരിച്ച ശേഷം ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചത് പ്രകാരം, താൽക്കാലിക ഹെലിപ്പാഡുകൾ തുറക്കുകയും സൈന്യത്തിന് സജ്ജരായിരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാൾ തീരം വരെ മത്സ്യബന്ധനം പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്. എല്ലാ സാഹചര്യങ്ങളെയും നേരിടാൻ ആന്ധ്ര, ഒഡീഷ, തമിഴ്നാട് സംസ്ഥാന ഭരണകൂടങ്ങൾ പൂർണ്ണ സജ്ജരാണെന്ന് അറിയിച്ചു.