മോൻത ചുഴലിക്കാറ്റ് : കനത്ത മഴ, 7 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി | Cyclone Montha

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്
Cyclone Montha, Heavy rain, yellow alert in 7 districts
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ഒക്ടോബർ 28, 2025) ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.(Cyclone Montha, Heavy rain, yellow alert in 7 districts)

മോൻത ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്ന സാഹചര്യത്തിൽ കേരളത്തിലെ മഴയുടെ ശക്തി കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവിൽ ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഇന്ന് (ഒക്ടോബർ 28, 2025) അവധി പ്രഖ്യാപിച്ചു.

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ, റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ, അഭിമുഖങ്ങൾ, ജില്ലാ ശാസ്ത്രമേള എന്നിവയ്ക്ക് മാറ്റം ഉണ്ടാകില്ല.

തൃശൂർ ജില്ലയിലെ പുത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിദ്യാലയങ്ങൾക്ക് പുത്തൂർ സുവോളജിക്കൽ പാർക്ക് ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണങ്ങളും ജനത്തിരക്കും കണക്കിലെടുത്ത് വിദ്യാഭ്യാസ ഉപഡയറക്ടർ ഇന്ന് (ഒക്ടോബർ 28) അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

67-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം (ഒക്ടോബർ 28, 2025) തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സംസ്ഥാന സിലബസിലെ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന കായികമേള ഒക്ടോബർ 21 നാണ് ആരംഭിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com