മോൻത ചുഴലിക്കാറ്റ് : കേരള തീരത്ത് ശക്തമായ കാറ്റ്, മഴ മുന്നറിയിപ്പിൽ മാറ്റം, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ആന്ധ്രയിൽ റെഡ് അലർട്ട്, മുന്നൊരുക്കങ്ങൾ ശക്തം | Cyclone Montha

ആന്ധ്രയിലെ 23 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മോൻത ചുഴലിക്കാറ്റ് : കേരള തീരത്ത് ശക്തമായ കാറ്റ്, മഴ മുന്നറിയിപ്പിൽ മാറ്റം, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ആന്ധ്രയിൽ റെഡ് അലർട്ട്, മുന്നൊരുക്കങ്ങൾ ശക്തം | Cyclone Montha
Published on

തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ കാറ്റ് വീശുന്നു. മണിക്കൂറിൽ 74 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'മോന്ത' ചുഴലിക്കാറ്റിന്റെയും അറബിക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.(Cyclone Montha, Change in rain warning, orange alert in 5 districts)

കേരളത്തിലെ അഞ്ച് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.

തിരുവനന്തപുരവും കൊല്ലവും ഒഴികെ മറ്റ് ജില്ലകളിലെല്ലാം മഞ്ഞ അലർട്ട് (Yellow Alert) നിലവിലുണ്ട്. തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'മോന്ത' ചുഴലിക്കാറ്റ് നാളെ (ചൊവ്വാഴ്ച) രാവിലെയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും. മച്ചിലിപ്പട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലായി നാളെ രാവിലെ ചുഴലിക്കാറ്റ് കര തൊടുമെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പ്.

ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശ് സർക്കാർ മുന്നൊരുക്കങ്ങൾ ശക്തമാക്കി. പ്രകാശം, നെല്ലൂർ, വെസ്റ്റ് ഗോദാവരി, കാക്കിനട ഉൾപ്പെടെ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ആന്ധ്രയിലെ 23 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശ്രീകാകുളം, ഗുണ്ടൂർ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കാൻ നിർദേശം നൽകി. കാക്കിനട, കോണസീമ, വെസ്റ്റ് ഗോദാവരി ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

കടൽ തീരങ്ങളിൽ ഇറങ്ങുന്നതിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തി. ഫുട്പാത്തുകളിൽ നിന്ന് കച്ചവടക്കാരെ ഒഴിപ്പിച്ചു. ഭക്ഷ്യ ധാന്യങ്ങൾ, ഇന്ധനം, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ നിർദേശം നൽകി. ആശുപത്രികളിൽ പ്രത്യേക വാർഡുകൾ സജ്ജമാക്കാനും അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com