

തൃശ്ശൂർ: ശാരീരിക പരിമിതികളെ സൈക്കിൾ യാത്രകളിലൂടെ വെല്ലുവിളിച്ച പ്രശസ്ത സഞ്ചാരി അഷറഫ് പത്താംകല്ലിനെ (43) മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി എടങ്കക്കാട് റെയിൽവേ ട്രാക്കിന് സമീപത്തെ തോട്ടിലാണ് വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂർ പത്താംകല്ല് സ്വദേശിയാണ്.
രാവിലെ മൃതദേഹം കണ്ട നാട്ടുകാർ ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. റെയിൽവേ ട്രാക്കിന് സമീപത്തെ തോട്ടുപാലത്തിൽ നിന്നും അബദ്ധത്തിൽ താഴെ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ.
പരിമിതികളെ തോൽപ്പിച്ച യാത്രികൻ ഒരു കാൽപ്പാദമില്ലാത്ത അവസ്ഥയിലും അഷറഫ് നടത്തിയ സൈക്കിൾ യാത്രകൾ ഏവർക്കും വിസ്മയമായിരുന്നു. 2017-ൽ ഉണ്ടായ ഒരു ബൈക്ക് അപകടത്തിലാണ് അഷറഫിന്റെ കാൽപ്പാദം അറ്റുപോയത്. ശാരീരികമായ വെല്ലുവിളികളെ അവഗണിച്ച് സൈക്കിളിൽ ഹിമാലയവും ലഡാക്കും ഉൾപ്പെടെയുള്ള ദുർഘടമായ പാതകൾ അദ്ദേഹം പിന്നിട്ടു.
വൈകല്യങ്ങൾ ലക്ഷ്യങ്ങളിലേക്കുള്ള തടസ്സമല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിയായിരുന്നു അഷറഫ്.
അഷറഫിന്റെ അപ്രതീക്ഷിത വേർപാട് സഞ്ചാരികളുടെയും നാട്ടുകാരുടെയും ഇടയിൽ വലിയ ദുഃഖമുണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.