ജഗതി: രമേഷ് പിഷാരടിയെ വിമർശിച്ച യൂത്ത് കോൺഗ്രസ് വനിതാ നേതാവിനെതിരെ സൈബർ ആക്രമണം.കഴിഞ്ഞ ദിവസമാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ രമേഷ് പിഷാരടി പ്രതികരണവുമായി രംഗത്തെത്തിയത്. ഇതിൽ രമേശ് പിഷാരടി പറഞ്ഞ കാര്യങ്ങൾക്ക് എതിരെ നീതു അഭിപ്രായം പറഞ്ഞിരുന്നു. പിന്നീട് നീതുവിനെതിരെ രൂക്ഷമായ സൈബർ ആക്രമണം ഉണ്ടായത്.
നീതു വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പോസ്റ്റിന്റെ പൂർണരൂപം...
ഇന്നലെ രാഹുൽ മങ്കൂട്ടവുമായി ബന്ധപ്പെട്ട് പാർട്ടി എടുത്ത തീരുമാനത്തിന് വിരുദ്ധമായി രമേശ് പിഷാരടി പറഞ്ഞ കാര്യങ്ങൾക്ക് എതിരെ ഞാൻ ഒരു അഭിപ്രായം പറഞ്ഞിരുന്നു. അത് എഴുതുമ്പോൾ തന്നെ എനിയ്ക്ക് അറിയാമായിരുന്നു കടന്നൽ കൂട്ടത്തിൽ കല്ലെറിയുകയാണെന്ന്. പക്ഷേ, ചിലത് പറയേണ്ട സമയത്ത് പറഞ്ഞേ മതിയാവുകയുള്ളൂ. ആ പോസ്റ്റിൽ വന്ന് അനുകൂലമായും പ്രതികൂലമായും അഭിപ്രായം പറഞ്ഞവരുണ്ട്. അതിൽ ചിലർ സ്വന്തം പേരോ തന്തയുടെ പേരോ ഉള്ളവരല്ല.
ചിലർ സ്വന്തം വിലാസം പുറത്ത് അറിയിക്കാതെ പോരാടുന്നവരാണ്. ഈ രണ്ട് തെമ്മാടിക്കൂട്ടങ്ങളെയും അവജ്ഞയോടെ തള്ളിക്കളയുന്നു. നിങ്ങൾ ആരെങ്കിലും സൈബർ ആക്രമണം നടത്തി എന്ന് വിചാരിച്ച് പേടിച്ച് അടുക്കളയിൽ ഒതുങ്ങുന്ന പ്രകൃതമല്ല എന്റേത്. അത് കൊണ്ട് തന്നെ എഴുതിയ അഭിപ്രായത്തിൽ ഒരല്പവും പിന്നോട്ട് പോകാനും തയ്യാറല്ല. എന്നാൽ ചിലർ ഗൗരവമായി പറഞ്ഞവരാണ്. അവരറിയാൻ വേണ്ടിയാണ് ഞാൻ ഇപ്പോൾ ഇതെഴുതുന്നത്.
എന്റെ പേര് Neethu Vijayan.എന്റെ സംഘടന പാരമ്പര്യം ചിലപ്പോൾ ഈ പേജിൽ കാണില്ല. ഫേസ്ബുക് ഗ്രാഫ് മാത്രം നോക്കി രാഷ്ട്രീയം അളക്കുന്നവരോട് അവരുടെ അറിവിലേക്കായി പറയുന്നു. കേവലം ഫേസ്ബുക് രാഷ്ട്രീയം മാത്രം നടത്തുന്ന പ്രവർത്തനമല്ല എന്റേത്. അപ്പോൾ ലൈക്കിന്റെയും കമന്റിന്റെയും എണ്ണം കുറഞ്ഞെന്ന് വരാം. ജഗതി വാർഡിൽ UDF നെ പ്രതിനിധീകരിച്ച് കോർപറേഷൻ ഇലക്ഷനിൽ മത്സരിക്കുകയും, തുടർച്ചയായി എട്ട് വർഷം യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിയായും യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും സംസ്ഥാന ജനറൽ സെക്രട്ടറിയായുമുള്ള ചെറിയ പ്രവർത്തന പരിചയമേ എനിക്കുള്ളൂ.
ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനം ഇപ്പോഴുള്ളതുകൊണ്ട് തന്നെയാണ് ഇങ്ങനെയൊരു പോസ്റ്റിടേണ്ടി വന്നത്. പ്രസ്ഥാനം ഒരു തീരുമാനം എടുക്കുമ്പോൾ അതിനെതിരെ അഭിപ്രായം പറയുന്നവർക്കുനേരെ ഇനിയും പ്രതികരിച്ചെന്നിരിക്കും. എന്റെ പോസ്റ്റിനു താഴെ വന്ന് മോശം കമന്റ് ചെയ്യുന്ന വനിതകളുടെ ചേതോവികാരം എന്താണെന്ന് മനസ്സിലാകുന്നില്ല.