എറണാകുളം: കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്ന് പോലീസ് സ്വർണ്ണം പിടിച്ചെടുത്ത സംഭവത്തിൽ പോലീസിൻ്റെ നടപടി ചോദ്യം ചെയ്ത് കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. വിമാനത്താവളത്തിൻ്റെ പരിധിയിൽ പോലീസ് അതിരുവിട്ടാണ് പ്രവർത്തിച്ചതെന്ന് കസ്റ്റംസ് ആരോപിക്കുന്നു.(Customs files complaint against police in Karipur gold raid in High Court)
കോഴിക്കോട് കസ്റ്റംസ് (പ്രിവൻ്റീവ്) ഡെപ്യൂട്ടി കമ്മീഷണറാണ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. വിമാനത്താവളം കസ്റ്റംസിൻ്റെ നിയന്ത്രണത്തിലുള്ള പ്രദേശമാണ്. കസ്റ്റംസ് ഏരിയയിൽ പ്രവേശിച്ച് സ്വർണ്ണം പിടിക്കാൻ പോലീസിന് നിയമപരമായി അധികാരമില്ല. വിമാനത്താവളത്തിൽ സ്വർണ്ണം പിടിക്കാൻ നിയമപരമായ അധികാരം കസ്റ്റംസിന് മാത്രമാണ്. എയർപോർട്ടിലോ അതിൻ്റെ പരിസരത്തോ സ്വർണ്ണം പിടിക്കാൻ പോലീസിന് അധികാരമില്ല.
സ്വർണ്ണക്കടത്ത് സംബന്ധിച്ച വിവരം ലഭിച്ചാൽ പോലീസ് അത് തങ്ങളെ അറിയിക്കുകയാണ് ചെയ്യേണ്ടതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഈ വിഷയത്തിൽ ഹൈക്കോടതിയുടെ തുടർനടപടികൾ നിർണായകമാകും.