തിരുവനന്തപുരം : പൊലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.പൊലീസിലെ ഒരു ചെറിയ വിഭാഗം സേനയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നുണ്ടെന്നും അത്തരക്കാരെ സർവീസിൽ നിന്നും പുറത്താക്കും. ദുരന്തനിവാരണത്തിൽ കേരള പൊലീസ് മാതൃകയാണെന്ന് ആഭ്യന്തര വകുപ്പിന്റെ സംസ്ഥാന തല സെമിനാർ സമാപന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.
മാറ്റത്തിന് വിധേയരാകാത്ത ചെറിയ വിഭാഗം ഇപ്പോഴും പൊലീസിലുണ്ട്. അവരാണ് സേനയ്ക്ക് പേരുദോഷം ഉണ്ടാക്കുന്നത്. കസ്റ്റഡി പീഡനം ഒരു കാരണവശാലും അനുവദിക്കുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സേനയുടെ അന്തസിന് ചേരാത്ത നിലയിൽ പ്രവർത്തിക്കുന്നവർ സർവീസിൽ തന്നെ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ശക്തമായി പറഞ്ഞു. ഇത്തരക്കാരെ കണ്ടെത്തി പടിപടിയായി പുറത്താക്കും.അത്തരക്കാരെ ഘട്ടം ഘട്ടമായി പുറത്താക്കുന്നുവെന്നും പറഞ്ഞു. 140 ലധികം പേരെ ഇത്തരത്തിൽ പുറത്താക്കി. സേനയുടെ അന്തസ്സിന് ചേരാത്ത വിധത്തിൽ പ്രവർത്തിക്കുന്നവരെ ഒരു തരത്തിലും വെച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
വയോജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാനം.പോലീസിന് വിവരങ്ങൾ കൈമാറാൻ ജനങ്ങൾക്കായി മൊബൈൽ ആപ്പ് തയ്യാറാക്കാൻ ഒരുങ്ങുകയാണ്. ഇതിലൂടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് പൊലീസിനെ അറിയിക്കാൻ കഴിയും. വിവരം നൽകുന്ന വ്യക്തികളുടെ സ്വകാര്യത സർക്കാർ സംരക്ഷിക്കും. 24 മണിക്കൂറും സജീവമാകുന്ന നിലയിലേക്ക് ജനജീവിതം മാറുന്ന ഈ കാലഘട്ടത്തിൽ രാത്രി കാല സുരക്ഷയ്ക്ക് കൂടുതൽ സംവിധാനങ്ങൾ ഒരുക്കുമെന്നും വനിതാ പൊലീസുകാരുടെ എണ്ണം വർദ്ധിപ്പിക്കും. 2031 ഓടെ എല്ലാ പൊലീസ് സ്റ്റേഷനുകളും പേപ്പർ മുക്തമാക്കും. സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജവാർത്തകൾ പരിശോധിക്കാൻ എഐ ഇന്റഗ്രേറ്റഡ് യൂണിറ്റ് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.