തിരുവനന്തപുരം: മംഗലപുരം ഇടവിളകത്ത് എഴുപത് വയസ്സുള്ള മാതാവിനെ സ്വന്തം വീട്ടിൽ നിന്ന് മകൾ പുറത്താക്കി. പഞ്ചായത്ത് അധികൃതരും പോലീസും നാട്ടുകാരും മണിക്കൂറുകളോളം അഭ്യർത്ഥിച്ചിട്ടും സലീല എന്ന വയോധികയെ വീട്ടിൽ കയറ്റാൻ മകൾ സജ തയ്യാറായില്ല.(Cruelty to mother, Daughter throws 70-year-old woman out of house)
സലീലയെ മകളുടെ ഭർത്താവ് മുൻപ് ഉപദ്രവിച്ചിരുന്നു. ഈ സംഭവത്തിൽ ഇയാൾ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ഇതിന്റെ പ്രതികാരമായാണ് മകൾ അമ്മയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതെന്നാണ് വിവരം.
തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് സലീല പറഞ്ഞു. അമ്മയ്ക്ക് വീടിനുള്ളിലുള്ള വസ്ത്രങ്ങളും അത്യാവശ്യ മരുന്നുകളും എടുക്കാൻ പോലും വീട് തുറന്നു നൽകില്ലെന്ന വാശിയിലാണ് മകൾ. അമ്മയെ വീട്ടിൽ താമസിപ്പിക്കാൻ മകൾ തയ്യാറാകാത്ത സാഹചര്യത്തിൽ, സലീലയെ താൽക്കാലികമായി വൃദ്ധസദനത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു.