ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം പരിശോധിക്കുന്നതിനായുള്ള നിർണ്ണായകമായ 'അണ്ടർ വാട്ടർ' പരിശോധന ഇന്ന് ആരംഭിക്കും. റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ (ROV) ഉപയോഗിച്ചാണ് അണക്കെട്ടിന്റെ വെള്ളത്തിനടിയിലുള്ള ഭാഗങ്ങൾ പരിശോധിക്കുന്നത്. അണക്കെട്ടിന്റെ ജലാഭിമുഖ ഭാഗത്തെ ദൃശ്യങ്ങൾ വിശദമായി ശേഖരിച്ച് സുരക്ഷാ നിലവാരം വിലയിരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.(Crucial inspection today in Mullaperiyar, ROV to collect underwater footage)
സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഈ സുരക്ഷാ പരിശോധന നടക്കുന്നത്. അണക്കെട്ടിന്റെ ഘടനയെ ബാധിക്കുന്ന വിള്ളലുകളോ മറ്റ് അപാകതകളോ ഉണ്ടോ എന്ന് കണ്ടെത്താൻ താഴെ പറയുന്ന ക്രമത്തിലാണ് പരിശോധന നിശ്ചയിച്ചിരിക്കുന്നത്: ആദ്യഘട്ടത്തിൽ 1200 അടി നീളമുള്ള അണക്കെട്ടിനെ 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ച് ദൃശ്യങ്ങൾ ശേഖരിക്കും.
രണ്ടാം ഘട്ടത്തിൽ പരിശോധന കൂടുതൽ സൂക്ഷ്മമാക്കാൻ 50 അടി വീതമുള്ള ഭാഗങ്ങളായി തിരിച്ച് വീണ്ടും ദൃശ്യങ്ങൾ എടുക്കും. അന്തിമ ഘട്ടത്തിൽ അണക്കെട്ടിന്റെ മധ്യഭാഗത്ത് 10 അടി വീതമുള്ള ചെറിയ ബ്ലോക്കുകളായി തിരിച്ച് അതീവ ജാഗ്രതയോടെയുള്ള ചിത്രീകരണം നടത്തും.
ഡൽഹിയിലെ സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസർച്ച് സ്റ്റേഷനിൽ (CSMRS) നിന്നുള്ള നാല് ശാസ്ത്ര-സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശോധന. ഇതിനായി ഫ്രാൻസിൽ നിന്നെത്തിച്ച അത്യാധുനിക ആർ.ഒ.വി ഉപകരണമാണ് ഉപയോഗിക്കുന്നത്.