വിള വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ : വരുന്നു ഡിജിറ്റൽ ക്രോപ്പ് സർവ്വേ

വിള വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ : വരുന്നു ഡിജിറ്റൽ ക്രോപ്പ് സർവ്വേ
Published on

ആധുനിക സാങ്കേതിക സഹായത്തോടെ കർഷകരുടെ ഡിജിറ്റൽ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റിയുള്ള വിവരങ്ങളും ശേഖരിക്കുന്ന ഡിജിറ്റൽ ക്രോപ് സർവ്വേ സംസ്ഥാന കൃഷി വകുപ്പ് കേരളമൊട്ടാകെ നടപ്പാക്കുന്നു. ഇതിനായി തിരഞ്ഞെടുക്കപ്പെട്ട ക്രോപ് സർവ്വേയർമാർ അവർക്ക് അലോട്ട് ചെയ്ത സർവ്വേ പ്ലോട്ടുകൾ നേരിട്ട് സന്ദർശിച്ചു വിവരങ്ങൾ ശേഖരിക്കും. ഓരോ ഭൂഉടമയുടെയും കൃഷി വിവരങ്ങൾ രേഖപ്പെടുത്തി കൃഷിയിടത്തിന്റെ ജിയോ-ടാഗ് ചിത്രങ്ങൾ പകർത്തി ഏറ്റവും കാര്യക്ഷമമായ വിവര ശേഖരണം സാധ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. റവന്യൂ രേഖകൾ പ്രകാരം ഓരോ സർവ്വേ നമ്പറിലും ഉള്ള ഭൂമി കൃഷി ഭൂമിയാണോ, തരിശു ഭൂമി ആണോ കാർഷികേതര ഭൂമി ആണോ, ഏതെല്ലാം വിളകൾ കൃഷി ചെയ്യുന്നു, തുടങ്ങിയ സമഗ്രമായ വിവരങ്ങൾ ശേഖരിക്കും. ഏക വർഷ വിളകളുടെ കൃഷിയിറക്കിയ തീയതി, ജലസേചന രീതി എന്നിവയും മൊബൈൽ ആപ്പിലൂടെ ശേഖരിക്കും. ജിയോഫെൻസിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സർവ്വേ നടപ്പാക്കുന്നത് എന്നതിനാൽ അതതു സർവ്വേ പ്ലോട്ടുകളിൽ നിന്നുകൊണ്ട് മാത്രമേ വിവരങ്ങൾ മൊബൈൽ ആപ്പ് വഴി രേഖപ്പെടുത്താൻ സാധിക്കുകയുള്ളൂ. അതോടൊപ്പം കാർഷിക വിളകളുടെ ജിയോ ടാഗ് ചെയ്ത ഫോട്ടോഗ്രാഫ് അവയുടെ കൃത്യമായ സ്ഥാന നിർണയം നടത്തുന്നതിനും സ്ഥലപരിശോധനകൾ പോലുള്ള ഭാവി ആവശ്യങ്ങൾക്കായും രേഖപ്പെടുത്തും. ഒരു വർഷത്തിൽ ഖാരിഫ്, റാബി എന്നിങ്ങനെ രണ്ട് സീസണുകളിലാണ് നിലവിൽ സർവ്വേ നടത്തുന്നത്.

പ്രധാനമന്ത്രി ഫസൽ ബീമാ യോജന (PMFBY), പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PMKISAN), കാർഷിക ലോണുകൾ തുടങ്ങിയ വിവിധ പദ്ധതികളിലെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും, ഫീൽഡ് പരിശോധന കൂടാതെ തന്നെ കിസാൻ ക്രെഡിറ്റ് കാർഡ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാനും, കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണം, മൂല്യവർദ്ധനവ്, വിപണനം, കയറ്റുമതി എന്നിവ ഫലപ്രദമായി നടപ്പിലാക്കാനും ഈ ഡാറ്റാബേസ് ഭാവിയിൽ ഉപയോഗപ്പെടുത്തുന്നത് വഴി കർഷകർക്ക് നിരവധി ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭ്യമാകും.

രാജ്യവ്യാപകമായുള്ള ഒരു സെൻട്രൽ സെക്ടർ സ്‌കീമിന്റെ ഭാഗമായി നടപ്പാക്കുന്ന ഈ പദ്ധതി കേരളത്തിന്റെ കാർഷിക മേഖലയിൽ പുതിയ പദ്ധതികൾ കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കുവാൻ വകുപ്പിനെ പ്രാപ്തമാക്കും. കർഷകരുടെ പൂർണ്ണ സഹകരണത്തോടെ ഡിജിറ്റൽ ക്രോപ്പ് സർവ്വേ സംസ്ഥാനമൊട്ടാകെ വിജയകരമായി നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങളിലാണ് സർക്കാർ.

Related Stories

No stories found.
Times Kerala
timeskerala.com