

കൊച്ചി: സർക്കാരിനെതിരായ വിമർശനങ്ങൾ അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള കാരണമല്ലെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) സംഭാവന നൽകരുതെന്ന് പോസ്റ്റിട്ട വ്യക്തിയുടെ പേരിലെടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഈ സുപ്രധാന ഉത്തരവ്.(Criticizing the government is not a reason to restrict freedom of expression, High Court quashes case)
എറണാകുളം അയ്യമ്പിള്ളി സ്വദേശി എസ്. മനുവിൻ്റെ പേരിൽ എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. വിധിയിൽ കോടതി അഭിപ്രായസ്വാതന്ത്ര്യത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
ചിന്തിക്കാനും പ്രതികരിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. രാജ്യത്തിൻ്റെ അഖണ്ഡതയ്ക്കും ജനജീവിതത്തിനും ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ മാത്രമേ അഭിപ്രായപ്രകടനം നിയന്ത്രിക്കാൻ സാധിക്കൂ. സർക്കാർ നടപടികളെ വിമർശിക്കുന്നത് ഇതിൻ്റെ പരിധിയിൽ വരില്ലെന്നും കോടതി വ്യക്തമാക്കി.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാതെ നേരിട്ട് സഹായം എത്തിക്കുന്നതാണ് നല്ലതെന്നായിരുന്നു മനുവിൻ്റെ പോസ്റ്റ്. ഈ പോസ്റ്റിന്റെ പേരിൽ എടുത്ത കേസിൽ അവശ്യസേവനങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കുറ്റമാണ് പോലീസ് ചുമത്തിയിരുന്നത്. എന്നാൽ, ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവശ്യസേവനങ്ങളുടെ പട്ടികയിൽ വരുന്നില്ല എന്ന് ചൂണ്ടിക്കാട്ടി കോടതി കേസ് റദ്ദാക്കുകയായിരുന്നു.