പാലക്കാട് : മണ്ണാർക്കാട്ടെ സിപിഎം പ്രാദേശിക നേതാക്കൾക്കെതിരേ ഒളിയമ്പുമായി കെടിഡിസി ചെയര്‍മാന്‍ പി.കെ ശശി.തന്നിൽ അഴിമതി ആരോപിക്കുന്നവർ സ്വന്തം ഷർട്ടിലെ കറ ആദ്യം പരിശോധിക്കണമെന്ന് പി കെ ശശി.
നഗരസഭയിലെ പുതിയ ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലാണ് സിപിഐഎം നേതൃത്വത്തെ പി.കെ ശശി വിമർശിച്ചത്.
അഴിമതിയെ ആരും പിന്തുണയ്ക്കാറില്ലെന്നും അഴിമതിയെ തുറന്ന് കാണിക്കുക തന്നെയാണ് വേണ്ടത്. അതേസമയം അഴിമതി ആരോപിക്കുന്നവര്‍ പരിശുദ്ധരായിരിക്കണം. അത് തെളിയിക്കാന്‍ അവർക്ക് കഴിയണം. മാലിന്യകൂമ്പാരത്തില്‍ കിടക്കുന്നവന്‍ മറ്റൊരാളുടെ വസ്ത്രത്തിലെ കറ ചൂണ്ടിക്കാണിക്കുന്നത് മ്ലേച്ഛകരമാണ്. എല്ലാം സോഷ്യല്‍ ഓഡിറ്റ് ചെയ്യപ്പെടണമെന്ന് പി.കെ ശശി പറഞ്ഞു.
ഉദ്ഘാടന പരിപാടിയില്‍ താന്‍ പങ്കെടുക്കാനെത്തുന്നുവെന്ന് കേട്ടപ്പോള്‍ ചില ആളുകള്‍ക്കെല്ലാം എന്തോ ഒരു പേടി ഉണ്ടായി. എന്തിന് ഭയപ്പെടണം. ഞാനൊരു ചെറിയ മനുഷ്യനാണ്. മണ്ണാര്‍ക്കാടുമായുള്ള തന്റെ ബന്ധം അറുത്താലും മുറിച്ചാലും പോകില്ല. ആകാശം ഉള്ളിടത്തോളം ഒരുശക്തിക്കും അതിനെ മാറ്റാനാവില്ലെന്നും പി.കെ. ശശി കൂട്ടിച്ചേര്‍ത്തു.
അതേ സമയം , പി.കെ. ശശിയെ ചടങ്ങിലേക്ക് ക്ഷണിച്ചത് കെടിഡിസി ചെയർമാൻ എന്നനിലയിലാണെന്നും ഇക്കാര്യത്തിൽ വിവാദമാവശ്യമില്ലെന്നുമാണ് നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ പറഞ്ഞത്.