തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പരാതിക്കാരിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാൻ തുടങ്ങി. സ്ത്രീകളെ പിന്തുടർച്ച് ശല്യം ചെയ്തെന്ന കേസിലാണ് പോലീസിന്റെ നടപടി.
പരാതിക്കാരിൽ ഒരാളായ അഡ്വക്കേറ്റ് ഷിന്റോയിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. പൊലിസ് സ്വമേധയാ കേസെടുത്ത ശേഷമാണ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുന്നത്. നിലവിൽ ആറു പരാതികളാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ളത്.
രാഹുലിനെതിരായ ആരോപണങ്ങളിൽ ഫേസ്ബുക്ക് പോസ്റ്റിട്ട മാധ്യമപ്രവർത്തകരുടെയും മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. രാഹുലിനെതിരെ കേസെടുത്ത കാര്യം ക്രൈം ബ്രാഞ്ച് നിയമസഭ സ്പീക്കറുടെ ഓഫീസിനെ അറിയിച്ചു.
അതേസമയം, ലൈംഗിക ആരോപണ കേസുകളിൽ യുവതികളിൽ നിന്ന് നേരിട്ട് പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ ശബ്ദരേഖകളുടെ ആധികാരികത പരിശോധിച്ച് അവരെ സമീപിച്ച് മൊഴിയെടുക്കാനും തീരുമാനമുണ്ട്.